പറവൂർ
ശക്തമായ കാറ്റിലും മഴയിലും ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി. വ്യാഴം രാത്രി 12ന് ഈ പ്രദേശങ്ങളിൽ കാറ്റ് വീശിയടിച്ചിരുന്നു. ചരിത്രപ്രാധാന്യമുള്ള ഹോളിക്രോസ് പള്ളി മുസിരിസ് പൈതൃകപദ്ധതി ഏറ്റെടുത്ത് നവീകരിച്ച് ഈമാസം ആദ്യമാണ് ഉദ്ഘാടനം ചെയ്തത്. സമീപത്തെ പള്ളിമേടയുടെ കുറച്ച് ഓടുകളും നശിച്ചു. പള്ളിയങ്കണത്തിലെ തേക്കുമരവും നിലംപൊത്തി.
ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം, മുസിരിസ് പൈതൃകപദ്ധതി അധികൃതർ എന്നിവർ സ്‌ഥലം സന്ദർശിച്ചു. ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിന്റെ മുൻവശത്തെ കൂറ്റൻ ആൽമരവും തേക്കും കടപുഴകിവീണ് ക്ഷേത്രം ഓഫിസിനും മതിലിനും ഊട്ടുപുരയ്ക്കും നാശനഷ്ടമുണ്ടായി. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികളായ ടി ടി മോഹനൻ, വി യു പ്രദീപ്‌കുമാർ, ദേവസ്വം മാനേജർ സി കെ രാജീവ് എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..