കൊച്ചി
മന്ത്രി പി രാജീവിന്റെ ‘ഒപ്പം’ മെഡിക്കൽ ക്യാമ്പ് പതിനൊന്നുകാരിക്ക് സമ്മാനിച്ചത് പുതുജീവിതം. നട്ടെല്ല് വളയുന്ന രോഗം ബാധിച്ച കുട്ടിക്ക്, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയ വിജയിച്ചു. ശസ്‌ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വളവ് നിവർത്തി.
ഏലൂർ സ്വദേശിയാണ് കുട്ടി. അഞ്ചുവയസ്സുള്ളപ്പോൾ മുതുകിനുതാഴെ മുഴ വളർന്നതായി രക്ഷിതാക്കൾ ശ്രദ്ധിച്ചു. ശരീരത്തിന് ചരിവ് അനുഭവപ്പെടുകയും ചെയ്തു. നട്ടെല്ലിനുസമാന്തരമായി ഒരു എല്ല് വളർന്ന് ഘടനയിൽ വ്യത്യാസം സംഭവിച്ച് നട്ടെല്ല് 60 ഡിഗ്രിയിൽ വളഞ്ഞുപോയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിരവധി ആശുപത്രികളെ രക്ഷിതാക്കൾ സമീപിച്ചെങ്കിലും ചികിത്സയുടെ ഭീമമായ തുക താങ്ങാനാകുമായിരുന്നില്ല.
മന്ത്രി പി രാജീവ് നടത്തുന്ന ‘ഒപ്പം’ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ചികിത്സയും ബുദ്ധിമുട്ടുകളും മന്ത്രിയോട് പറഞ്ഞു. ശസ്ത്രക്രിയക്കുവേണ്ട ക്രമീകരണങ്ങൾ വേഗത്തിൽ നടപ്പാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനോട് മന്ത്രി നിർദേശിച്ചു. മെഡിക്കൽ കോളേജിലെ കുട്ടികളുടെ അസ്ഥിരോഗ സ്പെഷ്യലിസ്റ്റ് ഡോ. മനീഷിന്റെ നേതൃത്വത്തിൽ ഓർത്തോപീഡിയാക് ടീം രൂപീകരിച്ച് കഴിഞ്ഞ 12ന് ശസ്ത്രക്രിയ നടത്തി. മന്ത്രിയുടെ നിർദേശപ്രകാരം സൗജന്യമായിട്ടായിരുന്നു ചികിത്സയും ശസ്ത്രക്രിയയും. കുട്ടിയെ ഒരാഴ്ച നിരീക്ഷിച്ച് ശുശ്രൂഷ നൽകി വിട്ടയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..