കൊച്ചി
കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച് അച്ഛൻ പുതുജീവിതത്തിലേക്ക്. കാസർകോട് സ്വദേശി സ്കറിയ (51)യാണ് മകൻ എഡിസന്റെ കരൾ സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഗുരുതര കരൾരോഗത്തെ തുടർന്ന് പല ആശുപത്രികളിലും ചികിത്സതേടിയെങ്കിലും ചെലവ് താങ്ങാനാകാത്തതിനാൽ ശസ്‌ത്രക്രിയ നടത്തിയില്ല. അനുയോജ്യമായ ദാതാവിനെ ലഭിക്കാത്തതും സ്‌കറിയയെ വലച്ചു. എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാറാകുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയും മകനുമായ എഡിസൺ കരൾ പകുത്തുനൽകാൻ തയ്യാറായി. എന്നാൽ, അവയവദാന നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ദാതാവിന് കരൾ പകുത്തുനൽകാൻ സാധ്യമായിരുന്നില്ല. സ്‌കറിയക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചതോടെ മകൻ കരൾ പകുത്തുനൽകുകയായിരുന്നു.
ഡോ. ബി വേണുഗോപാൽ, ഡോ. ഷാജി പൊന്നമ്പത്തയിൽ, ഡോ. കെ പ്രമിൽ, ഡോ. രാഹുൽ ഡി കുഞ്ഞ്, ഡോ. രാജീവ് കടുങ്ങപുരം, ഡോ. കെ ആർ വിഷ്ണുദാസ്, ഡോ. വി ദീപക്, ഡോ. ലിജേഷ് കുമാർ, ഡോ. എ കെ വിഷ്ണു, ഡോ. ജോഷി രാജീവ് ശ്രീനിവാസ്, ഡോ. ഗജേന്ദ്ര ദണ്ഡോടിയ, ഡോ. എൻ ജോഷ്വ, ഡോ. അഫ്സൽ അഹമ്മദ് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. പൂർണ സുഖംപ്രാപിച്ച എഡിസനും സ്‌കറിയയും ആശുപത്രി ഒരുക്കിയ മധുരവും പങ്കുവച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..