അങ്കമാലി
പീച്ചാനിക്കാട് ഗവ. യുപി സ്കൂളിന്റെ ഒരുവർഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച തുടങ്ങും. പകൽ മൂന്നിന് നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിളംബരറാലി നടക്കും. എല്ലാ മാസവും കലാ- സാംസ്കാരിക പരിപാടികളുണ്ടാകും.
കൂരൻ താഴത്തുപറമ്പിൽ കെ വി പൗലോസ് എന്നയാൾ സ്‌കൂൾ തുടങ്ങുന്നതിനായി 50 സെന്റ് ഭൂമി സൗജന്യമായും 50 സെന്റ് സർക്കാർ വിലയിലും വിട്ടുകൊടുത്തതിനെ തുടർന്നാണ് സ്‌കൂൾ യാഥാർഥ്യമായത്. പി വി റാഫേൽ, ആറ്റാശേരിമന നാരായണൻ നമ്പൂതിരി, കൂരൻ താഴത്തുപറമ്പിൽ മത്തായി പൗലോസ്, എ സി പൗലോസ് ആലുക്കൽ എന്നിവരുടെ മുൻകൈയിലാണ് സ്‌കൂൾ സ്ഥാപിച്ചത്. 1950ൽ എൽപി സ്കൂളായി ആരംഭിച്ചു. 1960–--61ൽ യുപി സ്‌കൂളായി ഉയർത്തി.
1970-ൽ ശരാശരി 40 കുട്ടികളുള്ള 20 ഡിവിഷൻ ഉണ്ടായിരുന്നു. ഇപ്പോൾ 40 പ്രീ പ്രൈമറി കുട്ടികൾ ഉൾപ്പെടെ 163 പേർ പഠിക്കുന്നു. ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, ഡോ. ഏല്യാസ് ആലുക്കൽ, എബ്രഹാം മാർ സേവേറിയോസ് മെത്രാപോലീത്ത തുടങ്ങിയവർ ഈ സ്‌കൂളിലെ വിദ്യാർഥികളായിരുന്നു. നഗരസഭാ ചെയർമാൻ മാത്യു തോമസ് (ചെയർമാൻ), കൗൺസിലർ റെജി മാത്യു (കൺവീനർ), പ്രധാനാധ്യാപിക ബീന പീറ്റർ (സെക്രട്ടറി) തുടങ്ങിയവർ ഭാരവാഹികളായ കമ്മിറ്റിയാണ് ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..