ആലുവ
മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ അപൂർവരോഗത്തെ കീഴടക്കി അനൂഷ ജീവിതത്തിലേക്ക്. സ്വന്തം പ്രതിരോധശേഷിതന്നെ തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുന്ന എൻഎംഡിഎ എൻസെഫലൈറ്റിസ് എന്ന രോഗംബാധിച്ച് ആറ് മാസത്തോളം അനൂഷ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പതിനഞ്ച് ലക്ഷത്തിൽ ഒരാൾക്കുമാത്രം കാണുന്ന അപൂർവരോഗമാണിത്. തലവേദന, ഓർമക്കുറവ്, സംസാരരീതിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങളാണ് തൊടുപുഴ സ്വദേശിനിയിൽ ആദ്യംകണ്ടത്. എന്നാൽ, വീട്ടുകാർ കാര്യമാക്കിയില്ല. പ്ലസ്‌ടു പഠനത്തിന് ഇടയിൽ തുടർച്ചയായി വന്ന അപസ്മാരത്തെ തുടർന്നാണ് രാജഗിരിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ഐസിയു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അനൂഷയെ ന്യൂറോളജിസ്റ്റ് ഡോ. നിമിഷ് വിജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. നട്ടെല്ല് തുളച്ചുള്ള പരിശോധനയിലാണ് എൻഎംഡിഎ എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചത്. തുടർപരിശോധനകളിൽ രക്തത്തിൽ ആന്റിബോഡികളുടെ സാന്നിധ്യം കൂടുതലാണെന്ന് വ്യക്തമായി.
അപസ്മാരം, രക്തസമ്മർദം, ഉയർന്ന ഹൃദയമിടിപ്പ്, അണുബാധ എന്നിവ നിയന്ത്രിക്കാൻ മൂന്നുമാസത്തോളം വെന്റിലേറ്ററിൽ തുടർന്നു. ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിൽ ഡോ. ബിജി തോമസ് ഫിലിപ്പ്, ഡോ. മീര ഹരിദാസ്, ഡോ. ഹരികുമാർ എന്നിവരുടെ സംഘം ചികിത്സയിൽ പങ്കാളികളായി. ആന്റിബോഡി കുറയ്ക്കാൻ മരുന്നുകൾ പ്രത്യേകം ക്രമീകരിച്ച് നൽകി. വെന്റിലേറ്റർ പിന്തുണ നിയന്ത്രിച്ച്, മരുന്നുകളുടെ അളവ് കുറച്ചു. പിന്നാലെ അനൂഷ ബോധം വീണ്ടെടുത്തു. സാധാരണപോലെ സംസാരിക്കാനും ഭക്ഷണം കഴിക്കാനും നടക്കാനും തുടങ്ങി. മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടതോടെ 135 ദിവസം നീണ്ട ആശുപത്രിവാസത്തിനുശേഷം രോഗത്തെ അതിജീവിച്ച അനൂഷ വീട്ടിലേക്കു മടങ്ങി. തിരികെ സ്കൂളിൽ പോകണം, നന്നായി പഠിച്ച് തന്നെ ചികിത്സിച്ച നിമിഷ് ഡോക്ടറുടെ കൂടെ ജോലി ചെയ്യണമെന്നാണ് അനൂഷയുടെ ആഗ്രഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..