25 November Monday

വീണ്ടും മുഴങ്ങി
 മാനവികതയുടെ മഹദ്‌ സന്ദേശം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


കൊച്ചി
നൂറുവർഷംമുമ്പ്‌ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമതസമ്മേളനത്തിന്റെ സന്ദേശം സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ഇ എം എസ്‌ പഠന ഗവേഷണകേന്ദ്രം സെമിനാർ സംഘടിപ്പിച്ചു. അദ്വൈതാശ്രമത്തിൽ വ്യാഴാഴ്‌ച വൈകിട്ട്‌ ഒത്തുചേർന്ന വൻജനാവലി മതനിരപേക്ഷ കേരളത്തിന്റെ നേർസാക്ഷ്യമായി. ഇ എം എസ്‌ പഠന ഗവേഷണകേന്ദ്രം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷനായി.

നിർഭയനായ സന്യാസിയായിരുന്നു ഗുരുവെന്ന്‌ പ്രൊഫ. എം കെ സാനു പറഞ്ഞു. സർവമതസമ്മേളനം ലോകത്തിന് വഴികാട്ടിയാണ്. എല്ലാവരും മനുഷ്യനാകുക, മനുഷ്യനെ ഭിന്നിപ്പിക്കാതിരിക്കുക എന്നതായിരുന്നു അതിന്റെ സത്തയെന്നും എം കെ സാനു പറഞ്ഞു.മറ്റ്‌ മതസ്ഥരെ അംഗീകരിക്കുക എന്നതാണ് സർവമതസമ്മേളനം ലക്ഷ്യമിട്ടതെന്ന് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത പറഞ്ഞു. മതം വെറും സംഘടനയായി മാറിയാൽ മനുഷ്യത്വം ഇല്ലാതാകും. വിവിധ മതങ്ങളിൽനിന്ന് പഠിച്ചാൽമാത്രമേ സ്വന്തം മതത്തേയും പൂർണമായി ഉൾക്കൊള്ളാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മതസംഘടനയെയും പുണരേണ്ടതില്ല. ഗുരുദർശനം പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കണമെന്നും ഡോ. ഫസൽ ഗഫൂർ പറഞ്ഞു. മതങ്ങളുടെ പരമമായ ലക്ഷ്യവും ഉദ്ദേശ്യവും ഒന്നാണെന്ന്‌ മനസ്സിലാക്കുന്ന തലമുറ ഇവിടെ വളർന്നുവരണമെന്നും ആ ലക്ഷ്യം മുൻനിർത്തിയാണ്‌ ഗുരു സർവമതസമ്മേളനം നടത്തിയതെന്നും സ്വാമി ധർമചൈതന്യ പറഞ്ഞു.

ഇ എം എസ്‌ പഠന ഗവേഷണകേന്ദ്രം സെക്രട്ടറി സി എം ദിനേശ്‌മണി, ഡയറക്ടർ സി ബി ദേവദർശനൻ, സിപിഐ എം ഏരിയ സെക്രട്ടറി എ പി ഉദയകുമാർ എന്നിവർ സംസാരിച്ചു. 1924ലെ ആദ്യ സർവമതസമ്മേളനത്തിൽ പങ്കെടുത്ത എടയ്ക്കാട്ട് തോപ്പിൽ പഴമ്പിള്ളി ലോനൻകുട്ടി മാപ്പിളയുടെ പൗത്രൻ സ്ഫടിക ചിത്രകാരൻ ജാവൻ ചാക്കോ വരച്ച ശ്രീനാരായണഗുരുവിന്റെ സ്ഫടികചിത്രം അദ്ദേഹം മുഖ്യമന്ത്രിക്ക്‌ സമ്മാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top