കൊച്ചി
പാലാരിവട്ടം സ്വദേശിനിയുടെ 25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കിയ സംഘത്തിൽ ഒരാൾ പിടിയിൽ. കൊച്ചിയിലെ സ്വകാര്യ കമ്പനി ജീവനക്കാരിയുടെ പരാതിയിൽ ആലുവ കുന്നത്തേരി തൈപ്പറമ്പിൽ ഷാജഹാനെയാണ് (40) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാംപ്രതിയാണ് ഇയാൾ. പാർട്‌ടൈം ജോലിയിലൂടെ പണം ലഭിക്കുമെന്ന് വാട്‌സാപ്പിൽ സന്ദേശമയച്ച് വിശ്വസിപ്പിച്ച് അഞ്ചുപേർ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
2024 ജനുവരിയിൽ പരാതിക്കാരിയുമായി വാട്സാപ്, ടെലഗ്രാം ചാറ്റിലൂടെ ബന്ധപ്പെട്ട പ്രതികൾ ചില ജോലികൾ നൽകി. ഇതുവഴിയാണ് പരാതിക്കാരിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി തുക തട്ടിയത്. ജനുവരി 25 മുതൽ 30 വരെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത തുക വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കാൻമാത്രം ഷാജഹാൻ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി. ഇതിൽ വന്ന പണം മറ്റ് പ്രതികളുടെ സഹായത്താൽ ചെക്ക് ഉപയോഗിച്ച് പിൻവലിച്ചു. ഓൺലൈൻ തട്ടിപ്പ് കേസുകളിൽപ്പെട്ട കേരളത്തിലുള്ള അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പാലാരിവട്ടം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ മിഥുൻ മോഹൻ, ഒ എസ് ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌ത ഷാജഹാനെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..