കൊച്ചി
കൊച്ചിയുടെ കാഴ്‌ചകൾ കാണാൻ കെഎസ്‌ആർടിസിയുടെ ഡബിൾ ഡക്കർ ഓപ്പൺ ബസ് റെഡി. തലശേരി ഡിപ്പോയിൽനിന്ന് എത്തിച്ച 70 സീറ്റുള്ള ബസ് ഉടൻ നവീകരിച്ച് ക്രിസ്‌മസ്–-പുതുവത്സര ആഘോഷത്തിനുമുമ്പായി യാത്ര തുടങ്ങും. ആദ്യഘട്ടത്തിൽ സന്ധ്യയാത്രയാണ് ആരംഭിക്കുക. യാത്രക്കാരുടെ ആവശ്യാനുസരണം വൈകാതെ രാത്രിയാത്രയും ഒരുക്കും.
കോർപറേഷനുമായി സഹകരിച്ച് നടത്തുന്ന കൊച്ചി നഗരക്കാഴ്‌ചായാത്രയുടെ ട്രയൽറൺ തിങ്കൾ വൈകിട്ട് നടത്തി. ബസിന് കടന്നുപോകാൻ തടസ്സമായി നിൽക്കുന്ന വൃക്ഷശിഖരങ്ങളും കേബിളുകളും നീക്കാൻ നടപടി തുടങ്ങി.
താഴെനിലയിൽ ഇരുന്നും മുകൾനിലയിൽ കാറ്റുകൊണ്ട് ഇരുന്നും നിന്നും കാഴ്‌ച കാണാവുന്ന നിലയിലാണ് ബസ് ഒരുക്കുന്നത്. കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിൽനിന്ന് ഹൈക്കോടതി ജങ്‌ഷൻവഴി കണ്ടെയ്‌നർ റോഡ്, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂർ, തോപ്പുംപടി എന്നിവിടങ്ങളിലൂടെ കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്. മൂന്നുമണിക്കൂർ നീളുന്ന യാത്രയിൽ കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നതും പരിഗണനയിലാണ്. യാത്രാനിരക്ക് നിശ്‌ചയിച്ചിട്ടില്ല.
ഡബിൾ ഡക്കറിന്റെ നവീകരണജോലികൾ കൊച്ചി ഡിപ്പോയിലാണ്. വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെ സർവീസ് നടത്തിയാകും തുടക്കം. രാത്രി 9.30 മുതൽ 12.30 വരെ നീളുന്ന ട്രിപ്പും പരിഗണിക്കുന്നു. കൂടുതൽ യാത്രികർ വരുന്നമുറയ്‌ക്ക് മറ്റൊരു ബസുകൂടി ഏർപ്പെടുത്താനും കെഎസ്‌ആർടിസി റെഡിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..