കൊച്ചി
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കാലാമാമാങ്കത്തിന്റെ രണ്ട് രാപകലുകൾ കഴിയുമ്പോൾ കിരീടപ്പോരാട്ടം ആലുവയും എറണാകുളവും തമ്മിലായി.
ആലുവയ്‌ക്ക് 367 പോയിന്റുണ്ട്, അഞ്ചാംസ്ഥാനത്തായിരുന്ന, നിലവിലെ ചാമ്പ്യന്മാരായ എറണാകുളം 355 പോയിന്റുമായി രണ്ടാമതെത്തി. നോർത്ത് പറവൂരിനെ (344) പിന്തള്ളി ആതിഥേയരായ പെരുമ്പാവൂർ (348) മൂന്നാംസ്ഥാനത്തുണ്ട്. സ്‌കൂള്‍ വിഭാഗത്തില്‍ ആലുവ വിദ്യാധിരാജക്ക് 135 പോയിന്റുണ്ട്. 106 പോയിന്റോടെ വൈപ്പിന്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. കോലഞ്ചേരി മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത് (101). നിലവിലെ ചാമ്പ്യന്മാരായ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് 98 പോയിന്റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറി.. അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ, വൈപ്പിൻ, മട്ടാഞ്ചേരി, നോർത്ത് പറവൂർ ഉപജില്ലകൾക്ക് 15 പോയിന്റ് വീതുമുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, കോലഞ്ചേരി, ആലുവ ഉപജില്ലകളാണ് മുന്നിൽ (30). സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവ ഉപജില്ലയാണ് മുന്നിൽ (45). യുപി വിഭാഗത്തിൽ 50 പോയിന്റുമായി എറണാകുളം, നോർത്ത് പറവൂർ, പെരുമ്പാവൂർ ഉപജില്ലകൾ ഒന്നാംസ്ഥാനം പങ്കിടുന്നു.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. നടൻ രമേഷ് പിഷാരടി മുഖ്യാതിഥിയായി. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ബിൻസിൽ ബിജുവിന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ സമ്മാനം നൽകി. ഡിഡിഇ ഹണി ജി അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പി അജയകുമാർ, പി പി അവറാച്ചൻ, ശിൽപ്പ സുധീഷ്, മായാകൃഷ്ണകുമാർ, ഷിജി ഷാജി, അധ്യാപക സംഘടനാ പ്രതിനിധികളായ ഏലിയാസ് മാത്യു, ജി ആനന്ദ്കുമാർ, അജിമോൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
പവിത്രം,
നൃത്തവേദി
പരിമിതികളെ മറികടന്നാണ് പവിത്ര നൃത്തവേദിയിൽ താരമായത്. എച്ച്‌എസ് വിഭാഗം മോഹിനിയാട്ടത്തിലെ ഒന്നാംസ്ഥാനം അച്ഛൻ മനോജിന്റെയും അമ്മ ഷൈജിയുടെയും കഷ്‌ടപ്പാടുകൾക്കുള്ള പ്രതിഫലമാണ്. അങ്കമാലി ഹോളിഫാമിലി എച്ച്‌എസ് വിദ്യാർഥിയായ പവിത്രയുടെ സാമ്പത്തികബുദ്ധിമുട്ടുകൾ മനസ്സിലാക്കി, നൃത്താധ്യാപകരായ ആർഎൽവി സുബേഷും കലാക്ഷേത്ര അമൽനാഥും ഫീസ് വാങ്ങാതെയാണ് പരിശീലിപ്പിക്കുന്നത്. 17 പേരാണ് മോഹിനിയാട്ടത്തിൽ മത്സരിച്ചത്. ബുധനാഴ്‌ച ഭരതനാട്യത്തിലും മാറ്റുരയ്ക്കുന്ന പവിത്രയെ കടം വാങ്ങേണ്ടിവന്നാലും സംസ്ഥാന കലോത്സവത്തിന് അയക്കുമെന്ന് അച്ഛൻ മനോജ് പറയുന്നു.
ഗോത്രതാളവുമായി
‘മംഗലംകളി'
കലോത്സവത്തിൽ പുതുതാളവുമായി ചുവടുറപ്പിച്ച് "മംഗലംകളി'. പാളത്തൊപ്പിയും മുണ്ടും ബ്ലൗസും തോർത്തും ധരിച്ച് എട്ടുപേരാണ് വേദിയിൽ ചുവടുവയ്‌ക്കുന്നത്. തുടിതാളവുമായി തുളുവും മലയാളവും കലർന്ന പാട്ടുപാടാൻ നാലുപേരും. കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ മംഗലംകളി കാണാനുള്ള കൗതുകമായിരുന്നു ഫൈൻ ആർട്‌സ് ഹാളിലെ നിറഞ്ഞ സദസ്സിന്. 12 ടീമുകൾ പങ്കെടുത്ത ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ നോർത്ത് പറവൂർ പുല്ലംകുളം എസ്‌എൻ എച്ച്‌എസ്‌എസ് ഒന്നാംസ്ഥാനം നേടി. കണ്ണൂർ സ്വദേശി റംഷി പട്ടുവയാണ് പരിശീലകൻ. എച്ച്‌എസ്‌എസ് വിഭാഗത്തിൽ തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് സിജിഎച്ച്‌എസ്‌എസ് ഒന്നാംസ്ഥാനം നേടി. എഴ് ടീമുകളാണ് പങ്കെടുത്തത്.
മാവിലൻ, മലവേട്ടുവൻ വിഭാഗത്തിലുള്ള ഗോത്രവർഗസമൂഹത്തിനിടയിൽ പ്രചാരമുള്ള സംഗീത–-നൃത്ത രൂപമാണ് മംഗലംകളി. കാസർകോട്–-കർണാടകം അതിർത്തിയിൽ പ്രധാനമായും വിവാഹപ്പന്തലിലും മറ്റ് ആഘോഷാവസരങ്ങളിലും സ്‌ത്രീകളും പുരുഷൻമാരും തുടിയുടെ താളത്തിനൊത്ത് വട്ടത്തിൽ ചുവടുവയ്‌ക്കും. പുലരുംവരെ നൃത്തം തുടരും. കരിന്തുടിയും പാണത്തുടിയുമാണ് വാദ്യോപകരണങ്ങൾ. ഓരോ പാട്ടിലും ഓരോ കഥയായിരിക്കും. കലോത്സവത്തിൽ 15 മിനിറ്റാണ് ഒരു ടീമിന്.കലോത്സവ വേദിയിൽ ഇക്കുറി അഞ്ച് ഗോത്രകലകളാണുള്ളത്. മംഗലംകളി (മങ്ങലംകളി), പണിയനൃത്തം (വട്ടക്കളി, കമ്പളക്കളി), മലപ്പുലയ ആട്ടം, ഇരുളനൃത്തം (ആട്ടം പാട്ടം), പളിയനൃത്തം.
മൊഞ്ചോടെ മണവാട്ടിമാർ
ഒപ്പനയിൽ വീണ്ടും ഒന്നാമതായി മൂത്തകുന്നം എസ്എൻഎംഎച്ച്എസ്എസ്. 18–-ാം വർഷമാണ് തുടർച്ചയായി ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്കൂൾ ഒന്നാമതെത്തുന്നത്. ആലിയ ജസ്റ്റിൻ മണവാട്ടിയായി എത്തിയ സംഘത്തിൽ ഐഷ നൂറിൻ, ദേവിക ബിബിൻ, എൻ എസ് അഷ്‌ലിന, ടി ആർ ഷിയറ, നന്ദന രാജേഷ്, പി ബി ശിവപ്രിയ, ആർച്ച സുരേഷ്, അയന സുബിൻ, ജോസ്‌ന മെറിൻ എന്നിവരാണ് ചുവടുവച്ചത്. കഴിഞ്ഞ 18 വർഷവും ജിഹാദ് വലപ്പാടായിരുന്നു പരിശീലകൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..