കവളങ്ങാട്
പല്ലാരിമംഗലം പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് നടത്തുന്ന കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. അടിവാട് ടൗണിൽ ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം എം ബക്കർ അധ്യക്ഷനായി.
മാതൃകാപരമായി പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസിനെ മോശപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ എം ആരോപിച്ചു. 13 വർഷംമുമ്പ് യുഡിഎഫ് ഭരണസമിതി നിയമിച്ച അക്കൗണ്ടന്റ് നടത്തിയ കൃത്രിമം എൽഡിഎഫിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. വാർഷികപദ്ധതിയിലെ 1.68 കോടി രൂപ പഞ്ചായത്ത് നഷ്ടപ്പെടുത്തിയെന്ന നുണയാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്. പദ്ധതിവിഹിതമായി ലഭിച്ച മുഴുവൻതുകയും ചെലവഴിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. എൽഡിഎഫ് ഭരണസമിതി അധികാരത്തിൽവന്നശേഷം നടപ്പാക്കിയ മൂന്ന് വാർഷികപദ്ധതിയിലും പ്ലാൻ ഫണ്ട് 100 ശതമാനവും ചെലവഴിച്ചു. 2021–--2022 വാർഷിക പദ്ധതിയിൽ പ്ലാൻ ഫണ്ട് വിനിയോഗത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് 12–-ാംസ്ഥാനവും നേടിയത് എൽഡിഎഫ് ഭരണസമിതിയുടെ മികവാണ്.
അടിവാട്, പൈമറ്റം ആരോഗ്യകേന്ദ്രങ്ങൾ ജനകീയ കേന്ദ്രമെന്നനിലയിൽ ഉയർന്ന നിലവാരത്തിലാക്കാനും കഴിഞ്ഞു. ആയുർവേദ, ഹോമിയോ ആശുപത്രികളും മികച്ച നിലവാരത്തിലാക്കി. അടിവാടുചിറ 25 ലക്ഷം രൂപ മുടക്കി മിനിപാർക്കുപോലെ നവീകരിച്ചുവെന്നും സിപിഐ എം ചൂണ്ടിക്കാട്ടി. യോഗത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്, ഖദീജ മുഹമ്മദ്, ഒ ഇ അബ്ബാസ്, റിയാസ് തുരുത്തേൽ, എ എ രമണൻ, സഫിയ സലീം, സീനത്ത് മൈതീൻ, നസിയ ഷെമീർ, ഷെരീഫ റഷീദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..