മൂവാറ്റുപുഴ
ജെബി ഷാനവാസിന് ചെണ്ടുമല്ലിക്കൃഷി ഒരു കലയാണ്. പായിപ്ര എഴുത്താനിക്കാട്ടുവീട്ടിൽ ജെബി ഷാനവാസ് വീടിനടുത്തുള്ള പത്തുസെന്റ് സ്ഥലത്ത് 600 ചെടികളാണ് നട്ടുപിടിപ്പിച്ച് പൂക്കൾ വിളവെടുത്തുതുടങ്ങിയത്. പാട്ടുപാടുകയും നൃത്തം ചെയ്യാറുമുള്ള ജെബി പൂക്കൃഷിയും കലയും വരുമാനമായി കാണുന്നു.
ഒന്നാംഘട്ടവിളവെടുപ്പിൽ പത്തുകിലോ പൂക്കൾ ലഭിച്ചു. ജൈവവളമാണ് ഉപയോഗിക്കുന്നത്. ചാണകം, വേപ്പിൻപിണ്ണാക്ക്, ആട്ടിൻകാഷ്ടം, കുമ്മായം എന്നിവ വിതറി മണ്ണൊരുക്കിയശേഷമാണ് ചെടികൾ നട്ടത്. വളർച്ചക്കാലത്ത് വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ശർക്കര എന്നിവയുടെ മിശ്രിതം വെള്ളത്തിൽ നേർപ്പിച്ച് വളമായി ഉപയോഗിച്ചാൽ നല്ല വിളവുണ്ടാകുമെന്ന് ജെബി തെളിയിച്ചു. അയൽവാസി സാജിതയുമായി ചേർന്ന് പൂക്കൃഷി ചെയ്യുന്നുണ്ട്. പേഴയ്ക്കാപ്പിള്ളി ഗവ. സ്കൂളിലും വിദ്യാർഥികൾക്കൊപ്പം പൂക്കൃഷിക്കായി കൂടെയുണ്ട്. ഓണക്കാലത്ത് അയൽവാസികൾക്ക് ആവശ്യമുള്ള പൂക്കൾ നൽകിയശേഷം ബാക്കിയുള്ളവ നാട്ടിൽ വിൽക്കാനാണ് പദ്ധതി. ഭർത്താവിനൊപ്പം സ്റ്റീൽ അലമാര കമ്പനി നടത്തുന്ന ജെബി പായിപ്ര സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. കൃഷിക്ക് ഭർത്താവ് ഷാനവാസ്, മക്കളായ അഡ്വ. മുഹമ്മദ് സിയാൻ, മുഹമ്മദ് ശിഫാൻ എന്നിവരുടെ പിന്തുണയുണ്ടെന്ന് ജെബി പറഞ്ഞു. തരിശിട്ട സ്ഥലങ്ങൾ ഏറ്റെടുത്ത് വിവിധയിനം പൂക്കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ജെബി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..