കാലടി
നെൽക്കൃഷിക്ക് പേരുകേട്ട കാലടിയിലെ വയലുകൾ കാടുപിടിച്ച് തരിശുനിലങ്ങളാകുകയാണ്. മറ്റൂർ, മാണിക്കമംഗലം, തോട്ടകം, പുതിയക്കര, യോർധനാപുരം, പിരാരൂർ എന്നിവിടങ്ങളിലാണ് ഏക്കറുകണക്കിന് കൃഷിസ്ഥലം തരിശായിക്കിടക്കുന്നത്. വർഷങ്ങൾക്കുമുമ്പ് ഇവിടെ മൂന്ന് പൂ കൃഷി ചെയ്തിരുന്നു. കാലടി പുഴയിൽനിന്ന് ഇപ്പോഴും കൃഷിക്കാവശ്യമായ വെള്ളം കനാൽവഴി ലഭിക്കുന്നുണ്ട്. എന്നാൽ, കർഷകർ കൃഷി ചെയ്യുന്നില്ല.
സംസ്ഥാന സർക്കാരിന്റെ നെൽവയൽ- തണ്ണീർത്തടസംരക്ഷണനിയമങ്ങൾ ശക്തമാക്കുമ്പോഴും കാലടിയിൽ തരിശുനിലം ഏറുകയാണ്. വിവിധ പദ്ധതികളിലൂടെ മുൻവർഷങ്ങളിൽ നെൽക്കൃഷി വ്യാപനം നടത്തിയ ഏക്കറുകണക്കിന് നെൽപ്പാടങ്ങൾ ഇപ്പോൾ തരിശായി കിടക്കുകയാണ്. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് പഞ്ചായത്തിൽ നിരവധി പണികൾ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്താനാകും. എന്നാൽ, ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്നതാണ് ഭരണസമിതിയുടെ നിലപാട്. വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽപ്പോലും താൻ ഇടപെടാറില്ല എന്ന പ്രസിഡന്റിന്റെ ആവർത്തിച്ചുള്ള പ്രസ്‌താവന ഈ മേഖലയുടെ പ്രതിസന്ധി വ്യക്തമാക്കുന്നു. 2023-ൽ പഞ്ചായത്തിൽ ആകെയുള്ള 1488 തൊഴിലാളികളിൽ 325 പേർക്കുമാത്രമാണ് 100 തൊഴിൽദിനം ലഭ്യമായത്. 1,08,22,500- രൂപ കൂലിയായി നൽകാനായി.
പഞ്ചായത്ത് ജനറൽ കമ്മിറ്റിയിൽ തൊഴിലുറപ്പ് പദ്ധതിനിർവഹണം സ്ഥിരം അജൻഡയായിവച്ച് ചർച്ച ചെയ്യണമെന്ന് നിരന്തരമായി പ്രതിപക്ഷ പ്രതിനിധികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. വാർഷികപദ്ധതി അഞ്ചുമാസം പിന്നിടുമ്പോൾ 16 ശതമാനം തൊഴിൽദിനങ്ങളാണ് പദ്ധതിയിൽ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പഞ്ചായത്തിൽ നെല്ലുൽപ്പാദന തോത് വർധിപ്പിക്കാൻ അധികാരികൾ നിഷ്ക്രിയത്വം വെടിയണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗവും എൻആർഇജി വർക്കേഴ്സ് കാലടി യൂണിയൻ സെക്രട്ടറിയുമായ സിജോ ചൊവ്വരാൻ, കർഷകസംഘം കാലടി പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ലിപ്സൺ പാലേലി, എം ജെ ജോർജ് എന്നിവർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..