22 November Friday
പരിശോധിച്ച്‌ നടപടി എടുക്കുമെന്ന്‌ മെഡി. കോളേജ്‌ പ്രിൻസിപ്പൽ

പഠനാവശ്യത്തിന്‌ മൃതദേഹം നൽകിയ ബന്ധുക്കളെ ബുദ്ധിമുട്ടിച്ചതായി പരാതി

സ്വന്തം ലേഖികUpdated: Wednesday Aug 28, 2024

പ്രതീകാത്മക ചിത്രം

കൊച്ചി > പഠനാവശ്യങ്ങൾക്കായി മൃതദേഹം മെഡിക്കൽ കോളേജിന്‌ ദാനം ചെയ്യുന്നവരുടെ ബന്ധുക്കളെ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ അധികൃതർ ബുദ്ധിമുട്ടിച്ചതായി പരാതി. കഴിഞ്ഞദിവസം വയോധികന്റെ മൃതദേഹം കൈമാറാനെത്തിയ മകനും ബന്ധുക്കൾക്കും ശരീരം ചുമന്ന്‌ ഒന്നാംനിലയിൽ എത്തിക്കേണ്ടിവന്നതായാണ്‌ പരാതി.   ആവശ്യത്തിന്‌ ജീവനക്കാർ ഇല്ലാത്തതും കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാത്തതുമാണ്‌ കാരണം.

ശരീരം പഠനാവശ്യത്തിന്‌ നൽകാനുള്ള സമ്മതപത്രം വയോധികൻ നേരത്തേ മെഡിക്കൽ കോളേജിന്‌ സമർപ്പിച്ചിരുന്നു. 93–-ാംവയസ്സിൽ കഴിഞ്ഞദിവസം ഇദ്ദേഹം മരിച്ചു. മെഡിക്കൽ കോളേജ്‌ അധികൃതരെ അറിയിച്ചപ്പോൾ പൊലീസ്‌ ക്ലിയറൻസ്‌ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടു. എന്നാൽ, സർട്ടിഫിക്കറ്റ്‌ ആവശ്യമില്ലെന്ന മറുപടിയാണ്‌ പൊലീസിൽനിന്ന്‌ ലഭിച്ചത്‌. ഒടുവിൽ പൊലീസ്‌ ക്ലിയറൻസ്‌ സർട്ടിഫിക്കറ്റ്‌ വാങ്ങി മൃതദേഹവുമായി ബന്ധുക്കൾ മെഡിക്കൽ കോളേജിലെത്തി അനാട്ടമി വിഭാഗം ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ മൃതദേഹം കൈപ്പറ്റിയ സർട്ടിഫിക്കറ്റ് നൽകി. എന്നാൽ ജീവനക്കാരുടെ കുറവുമൂലം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം ചുമന്ന്‌ പടികയറി ഒന്നാംനിലയിലെ ഫ്രീസറിൽ എത്തിക്കേണ്ടിവന്നതായാണ്‌ പരാതി.

പരാതി ലഭിച്ചതായും ലിഫ്‌റ്റ്‌ സ്ഥാപിക്കാനുള്ള നടപടികൾക്ക്‌ വേഗംകൂട്ടിയതായും മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. എസ്‌ പ്രതാപ്‌ പറഞ്ഞു. മതിയായ ജീവനക്കാർ ഇല്ലാത്തതിനെക്കുറിച്ചും പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top