കൊച്ചി
വാടകയ്‌ക്ക് എടുത്ത ബൈക്ക് തിരികെ നൽകിയപ്പോൾ അഡ്വാൻസ് തുക തിരികെ ചോദിച്ചതിന് ഓൺലൈൻ ഭക്ഷണവിതരണത്തൊഴിലാളിയെ മർദിച്ച 16 പേർക്കെതിരെ കേസെടുത്തു. കോതമംഗലം വാരപ്പെട്ടി എഴുത്തുപള്ളി വീട്ടിൽ അനൂജ് ചന്ദ്രനെയാണ് (33) വ്യാഴം പുലർച്ചെ രണ്ടിന് പാലാരിവട്ടത്തുവച്ച് മർദിച്ചത്. സ്വിഗിയിൽ ഭക്ഷണവിതരണക്കാരനായ അനൂജിനെ ജോലിക്കിടെയാണ് ആക്രമിച്ചത്.
പിവിസി പൈപ്പും ഇടിവളയുംകൊണ്ടുള്ള മർദനത്തിൽ അനൂജിന്റെ മുഖത്തും നെഞ്ചിനും കഴുത്തിനും പരിക്കുണ്ട്. അനൂജിന്റെ 22,000 രൂപയുടെ മൊബൈൽ ഫോൺ ചവിട്ടിപ്പൊട്ടിച്ചു. ഒന്നാംപ്രതി ഗുരുവായൂർ സ്വദേശി ഗോകുലിനും കണ്ടാൽ തിരിച്ചറിയാവുന്ന 15 പേർക്കുമെതിരെ സംഘം ചേർന്ന് ആയുധം ഉപയോഗിച്ച് മർദിച്ചതിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
തന്റെ ബൈക്ക് കേടായതിനെ തുടർന്ന് അനൂജ് 170 രൂപ ദിവസവാടകയ്‌ക്ക് ഗോകുലിന്റെ പക്കൽനിന്ന് ബൈക്ക് എടുത്തിരുന്നു. കേടായ ബൈക്ക് നന്നാക്കി കിട്ടാൻ ഒരാഴ്‌ച എടുക്കുമെന്ന് മെക്കാനിക് പറഞ്ഞെങ്കിലും മൂന്ന് ദിവസത്തിനകം കിട്ടി. ഇക്കാര്യം ഗോകുലിനെ അറിയിച്ചശേഷം വാടക ബൈക്ക് തിരികെ നൽകി. പലതവണ ആവശ്യപ്പെട്ടിട്ടും അഡ്വാൻസ് തുക 2500 രൂപയിൽ 1210 രൂപ മാത്രമാണ് ലഭിച്ചതെന്ന് അനൂജ് പറഞ്ഞു. ബാക്കി ചോദിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ അനൂജ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..