22 December Sunday

എറണാകുളം കെഎസ്‌ആർടിസി 
സ്‌റ്റാൻഡ്‌ മുഖം മിനുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


കൊച്ചി
എറണാകുളം കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിലെ വെള്ളക്കെട്ടും മാലിന്യവും നീക്കി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനത്തിന്‌ തുടക്കം. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ്‌ കാരിക്കാമുറിയിലെ കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിൽ ശുചീകരണ, നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്‌.

ശുചീകരണത്തിനൊപ്പം പൂന്തോട്ടം, മികച്ച ഇരിപ്പിടങ്ങൾ, നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവയും സ്‌റ്റാൻഡിൽ ഒരുക്കും. ചുവരുകളിൽ മനോഹര ചിത്രങ്ങളും തെളിയും. സാമൂഹ്യവിരുദ്ധരെ തടയാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. സ്‌റ്റാൻഡും പരിസരപ്രദേശങ്ങളും കാമറ നിരീക്ഷണത്തിലുമാക്കും.
കെഎസ്‌ആർടിസിക്കൊപ്പം ഹരിതകേരളം, ശിചിത്വ മിഷൻ, കൊച്ചി കോർപറേഷൻ, കെഎംആർഎൽ, എസ്‌ബിഐ, എൽഐസി, കെഎസ്‌എഫ്‌ഇ, ചാവറ കൾച്ചറൽ സൊസൈറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പിന്തുണയോടെയാണ്‌ നവീകരണം. കാലങ്ങളായി വെള്ളക്കെട്ടിൽ കഴിഞ്ഞിരുന്ന ബസ്‌സ്‌റ്റാൻഡിനെ മികച്ച സൗകര്യങ്ങളോടെ യാത്രക്കാർക്കുള്ള മികവിന്റെ കേന്ദ്രമാക്കും.

ഓടകളും കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കലാണ്‌ ശുചീകരണത്തിന്റെ ആദ്യദിനം തുടങ്ങിയത്‌. സ്റ്റാൻഡിന്‌ ചേർന്ന്‌ ഒഴുകുന്ന വിവേകാനന്ദ കനാൽ ആഴം കൂട്ടി ചുറ്റുമതിൽ കെട്ടും. ഇതിന്റെ മുന്നോടിയായി പരിസരം വൃത്തിയാക്കി, പൂന്തോട്ടവും നടപ്പാതയും തെരുവുവിളക്കുകളും സ്ഥാപിക്കാൻ നടപടിയായി. തണൽവൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. ബസ്‌സ്‌റ്റാൻഡ്‌ കെട്ടിടത്തിലെ ഡ്രെയ്‌നേജ്‌ സംവിധാനം കാര്യക്ഷമമാക്കും. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കെട്ടിടത്തിന്റെ അടിഭാഗം കോൺക്രീറ്റ്‌ ചെയ്‌ത്‌ ഉയർത്തും. പ്ലാസ്‌റ്റിക്, പ്ലാസ്‌റ്റിക് ഇതര മാലിന്യങ്ങൾ ശേഖരിക്കാനായി ബിന്നുകൾ സ്ഥാപിക്കുമെന്നും ഡിടിഒ ടോണി കോശി അലക്‌സ്‌ പറഞ്ഞു. 

സ്‌റ്റാൻഡിന് അകത്തുള്ള കടകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ ഗ്ലാസ്/കപ്പ്, കിറ്റ് തുടങ്ങിയവയുടെ ഉപയോഗത്തിന്‌ നിയന്ത്രണം കൊണ്ടുവരുമെന്നും ഹരിതകേരളം കോ–-ഓർഡിനേറ്റർ നിസ്സ നിഷാദ്‌ പറഞ്ഞു. നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെ ബസ്‌ സ്‌റ്റാൻഡിന്റെ സമഗ്രവികസനം സംബന്ധിച്ച കെഎസ്‌ആർടിസിയുടെ നിർദേശം സർക്കാരിന്റെ പരിഗണനയിലാണെന്ന്‌ ഡിടിഒ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top