അങ്കമാലി
അങ്കമാലി അർബൻ സഹകരണസംഘം നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റ് പുളിയനം സ്വദേശി പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി ഷിജുവിനെ (45) ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ്‌ചെയ്തു. രണ്ടാംതവണയാണ് അറസ്റ്റ്. നേരത്തേ ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിജുവിനെ റിമാൻഡ് ചെയ്തു.
സഹകാരി ഡോ. ഹരിപ്രിയയുടെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇവർ അറിയാതെ ഷിജു ഇവരുടെ പേരിൽ ലോണെടുത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി.
സംഘത്തിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് അങ്കമാലി സ്റ്റേഷനിൽ 85 ക്രിമിനൽ കേസും കാലടി സ്റ്റേഷനിൽ 65 പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിഷയത്തിൽ കാലടി പൊലീസ് മെല്ലെപ്പോക്കാണ് സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്. ഷിജുവും സംഘം പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി ടി പോളും കൂട്ടാളികളും ചേർന്ന് 98 കോടിയോളം രൂപയാണ് സംഘത്തിൽനിന്ന് തട്ടിയത്. ഇതിൽ 40 കോടിയോളം വ്യാജ വായ്പകളാണ്. അന്നത്തെ ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഇതിനെല്ലാം കൂട്ടുനിന്നു. ഓഡിറ്റ് നടത്തി തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കുന്നതിനുപകരം നിക്ഷേപകരെ വഞ്ചിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു. മരിച്ചവരുടെ പേരിലും വായ്പ എഴുതിയെടുത്തു. കോൺഗ്രസ് ഭരണസമിതിയിലെ 13 അംഗങ്ങളും ആറ് ജീവനക്കാരുമാണ് കേസിലെ പ്രതികൾ. തട്ടിപ്പിന് കൂട്ടുനിന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി പണം തിരിച്ചുപിടിക്കണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..