28 October Monday

"പ്രതിഭകളേ വരൂ... ഇടമുണ്ട്‌'

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


കൊച്ചി
‘‘ഷോർട്ട് ഫിലിമിൽ അഭിനയിച്ച ഞങ്ങൾ കുട്ടികളെ സിനിമയിലെടുക്കുമോ’’–- ഹരികൃഷ്‌ണന്റേതായിരുന്നു ചോദ്യം. ‘‘ഞങ്ങളും നിങ്ങളുമല്ല, നമ്മളാണ്‌. എല്ലാ പ്രതിഭകൾക്കുമുള്ള വേദി ഇവിടെയുണ്ട്‌’’ എന്നായിരുന്നു സംഗീതസംവിധായകൻ ബിജിബാലിന്റെ മറുപടി. കനസ് ജാഗ ഹ്രസ്വചിത്രമേളയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു ബിജിബാൽ.

സിനിമ സംഗീതസംവിധാനരംഗത്തേക്ക് എത്തുന്നതിൽ നേരിട്ട വെല്ലുവിളികൾ, തദ്ദേശീയ മേഖലയിലെ കുട്ടികൾക്ക് സിനിമാരംഗത്തെ സാധ്യതകൾ തുടങ്ങി പല ചോദ്യങ്ങളും ഉയർന്നു. ഓരോ വ്യക്തിയുടെയും കഴിവും സവിശേഷതയും അനുസരിച്ചുള്ള അവസരങ്ങൾ സിനിമയിലുണ്ടെന്ന്‌ ബിജിബാൽ പറഞ്ഞു. എന്തു ചെയ്യുമ്പോഴും ആത്മാർഥമായ അധ്വാനം ഉണ്ടാകണം. നിരന്തരസാധനയിലൂടെ വൈഭവം വർധിപ്പിക്കുകയും വേണം. പുതുതലമുറയ്ക്ക് സാങ്കേതികമേഖലയിലുള്ള അറിവും വിവേചനബോധ്യവും വളരെ കൂടുതലാണ്. വിദ്വേഷമില്ലാതെ തേജസ്സോടെ കൈകോർത്തുകൊണ്ട് അന്യോന്യം സഹായിക്കാൻ  കഴിയുന്ന സാഹചര്യം നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

"ആകാശമായവളേ, അകലെ പറന്നവളേ... ചിറകായിരുന്നല്ലോ നീ...’ ‘മാണിക്യച്ചിറകുള്ള മാറത്ത് മറുകുള്ള’ തുടങ്ങിയ ഗാനങ്ങൾ കുട്ടികൾക്കായി ആലപിച്ചു. കുട്ടികൾക്കൊപ്പം സെൽഫിയെടുത്തശേഷമാണ് മടങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top