22 November Friday

കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

ആർ ഹേമലതUpdated: Monday Oct 28, 2024



കൊച്ചി
കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു. എട്ടുനിലയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സെന്റർ ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യുകയാണ്‌ ലക്ഷ്യം.

ക്യാൻസർ സെന്ററിന്‌ നാല്‌ ബ്ലോക്കുകളിലായി 6.3 ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടം പൂർത്തിയായി. ആവശ്യമായ 50 തരം ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷനാണ്‌  (കെഎംഎസ്‌സിഎൽ) എത്തിക്കുന്നത്‌. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എംആർഐ മെഷീൻ സ്ഥാപിക്കുന്ന നടപടി ഉടൻ പൂർത്തിയാകും. ജർമനിയിൽനിന്നാണ്‌ യന്ത്രം ഇറക്കുമതി ചെയ്‌തത്‌. ആധുനിക എക്‌സ്‌റേ മെഷീൻ സ്ഥാപിച്ചു. സിടി മെഷീൻ ഉടനെത്തും. കിടക്കകളും ഫർണിച്ചറും ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ എത്തിക്കും. 100 കിടക്കകളുമായി എ ബ്ലോക്കാണ്‌ ആദ്യം പൂർത്തിയാക്കുന്നത്‌. എ ബ്ലോക്കിൽ ഒരു ഓപ്പറേഷൻ തിയറ്റർ സജ്ജമായി. ബാക്കി ഒമ്പത്‌ ഓപ്പറേഷൻ തിയറ്ററുകളും ഉദ്‌ഘാടനശേഷമാകും പൂർത്തിയാക്കുക. വാർഡുകളുടെ പണിയും പൂർത്തിയായി. ഫയർ ആൻഡ്‌ സേഫ്‌റ്റി ഉദ്യോഗസ്ഥരുടെ അവസാനവട്ട പരിശോധന നവംബർ അഞ്ചിന്‌ നടക്കും. തുടർന്ന്‌ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിൽനിന്നുള്ള പരിശോധന. ഇതിനുശേഷം സ്ഥിരം വൈദ്യുതിസംവിധാനം ലഭ്യമാക്കും. കെട്ടിടം മുഴുവനും ശീതീകരിക്കുന്നതിനുള്ള പണികളും പുരോഗമിക്കുന്നു. 16 ലിഫ്‌റ്റുകൾക്കുള്ള അനുമതിയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ഡിസംബറിൽ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.

കെട്ടിടത്തിലേക്കുള്ള വെള്ളം വിതരണം ചെയ്യാനായി കിൻഫ്രയുമായി ധാരണയായി. റോഡ്‌ നിർമാണവും പരിസരപ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണവും നടക്കുന്നു. വഴികൾ ടൈൽപാകി അരികിൽ ചെടികൾ നട്ട്‌ മനോഹരമാക്കും. മഴവെള്ളസംഭരണത്തിനായി നിർമിച്ച കുളത്തിനുസമീപവും ചെടികൾ നട്ട്‌ ഭംഗിയാക്കും. 192 കോടി രൂപയ്‌ക്ക്‌ 2021ൽ കരാർ ചെയ്‌ത കെട്ടിടം പൂർത്തിയാകുമ്പോൾ 204 കോടി രൂപയാകും. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ നിർമാണം. ഇൻകെലിനാണ്‌ നിർമാണച്ചുമതല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top