പെരുമ്പാവൂർ
നഗരത്തിലെ വിവിധ റോഡുകൾ തകർന്നിട്ട് മാസങ്ങളായിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു. കാളച്ചന്ത റോഡ്, തൊട്ടുങ്ങൽ റോഡ്, പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് റോഡ്, ജി കെ പിള്ള റോഡ്, വെജിറ്റബിൾ മാർക്കറ്റ് ഉൾപ്പെടെ നഗരത്തിലെ പ്രധാന റോഡുകളും മറ്റു വാർഡുകളിലെ റോഡുകളും തകർന്നിരിക്കുകയാണ്.
കാളച്ചന്ത റോഡിൽ കഴിഞ്ഞദിവസം രണ്ടു ഭാരവാഹനങ്ങളാണ് മറിഞ്ഞത്. പ്രതിപക്ഷ കൗൺസിലർമാർ ഇടപെട്ട് 21 റോഡുകൾ ടെൻഡർ ചെയ്‌തിരുന്നു. എന്നാൽ, ഭരണസമിതിയുമായുള്ള അഭിപ്രായഭിന്നതയുടെപേരിൽ കരാറുകാർ ടെൻഡർ എടുക്കാൻ തയ്യാറായില്ല.
റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി കരാറുകാരുടെ യോഗം വിളിച്ച് ചർച്ചചെയ്യാമെന്നും റോഡിന്റെ പ്രവൃത്തി തുടങ്ങുന്നതിന് നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കൗൺസിലർമാരായ സി കെ രൂപേഷ്‌കുമാർ, ജോൺ ജേക്കബ്, പി എസ് അഭിലാഷ്, സതി ജയകൃഷ്ണൻ, പി എ സിറാജ്, ലിസ ഐസക്, കെ ബി നൗഷാദ്, ലത സുകുമാരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..