കൊച്ചി
അഞ്ചു നാൾ കലാസ്വാദകർക്ക് വിഖ്യാത നർത്തകരുടെ നൃത്തവിരുന്ന് ഒരുക്കി കൊച്ചി കോർപറേഷൻ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം ഭാവ് 2024ന് വെള്ളിയാഴ്‌ച അരങ്ങുണരും. എറണാകുളം ടൗൺഹാളിൽ വൈകിട്ട് 6.30ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. ദേശീയ നൃത്തോത്സവത്തിന്റെ രണ്ടാംപതിപ്പിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർ അരങ്ങിലെത്തും. പ്രവേശനം സൗജന്യം.
ആദ്യദിനം ഇശൽ സന്ധ്യ,
ആശ ശരത്ത്
ആദ്യദിനം വൈകിട്ട് അഞ്ചുമുതൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശൽ സന്ധ്യ നടക്കും. ദഫ്‌മുട്ട്, ഒപ്പന, കോൽക്കളി, മാപ്പിളപ്പാട്ട്, ഇശൽ നൃത്തം, അറേബ്യൻ ഡാൻസ് എന്നിവയും അരങ്ങേറും. രാത്രി 7.15ന് ചലച്ചിത്രതാരം ആശ ശരത്തിന്റെ ഭരതനാട്യം.
പ്രതീക്ഷ കാശിയും രമ വൈദ്യനാഥനും
രണ്ടാംദിനം അരങ്ങിനെ സമ്പന്നമാക്കാൻ പ്രതീക്ഷ കാശിയും രമ വൈദ്യനാഥനും. ശനി വൈകിട്ട് 5.45ന് പ്രതീക്ഷ കാശിയുടെ കുച്ചിപ്പുടി. രാത്രി 7.15ന് രമ വൈദ്യനാഥനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം.
മോഹിനിയാട്ടം, ഒഡീസി, ഭരതനാട്യം
ഡിസംബർ ഒന്നിന് വൈകിട്ട് 5.45ന് ഡോ. മിനി പ്രമോദും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 7.15 മുതൽ ഷിജിത്തും പാർവതിയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം.
രണ്ടിന് വൈകിട്ട് 5.45ന് കല്യാണിമേനോൻ ഹരികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 7.15ന് പ്രവീൺകുമാറും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം.
മൂന്നിന് വൈകിട്ട് 5.45ന് അമീന ഷാനവാസും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 7.15ന് ബംഗളൂരു നൃത്യഗ്രാം ഡാൻസ് വില്ലേജ് അവതരിപ്പിക്കുന്ന ഒഡീസി.
ആദരിക്കും
മൂന്നിന് വൈകിട്ട് 6.45ന് നഗരത്തിലെ മുതിർന്ന കലാകാരന്മാരെ ആദരിക്കും. കെ ജി പൗലോസ്, കലാമണ്ഡലം സുഗന്ധി, കല വിജയൻ, മാർഗി മധു, കലാമണ്ഡലം സുമതി, അനുപമ മോഹൻ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.
നൃത്ത ശിൽപ്പശാലകളും
ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി നൃത്തശിൽപ്പശാലകളും നടക്കും. 30ന് പകൽ രണ്ടുമുതൽ മൂന്നുവരെ രമ വൈദ്യനാഥന്റെ ശിൽപ്പശാല. ഡിസംബർ ഒന്നിന് ഗുരു കാര്യച്ചാൽ എസ് ബാലകൃഷ്ണൻ, രണ്ടിന് ഷിജിത്ത് –-പാർവതി, മൂന്നിന് പ്രവീൺകുമാർ എന്നിവരും ശിൽപ്പശാല നയിക്കും. രാവിലെ 10 മുതൽ 12.30 വരെയാണ് ശിൽപ്പശാലകൾ. രജിസ്‌ട്രേഷന്: 83300 68829.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..