കുറുപ്പംപടി
മുല്ലപ്പൂവും കറുകപ്പുല്ലും ചൂടി ചേലചുറ്റി മേൽക്കെട്ടും അരക്കെട്ടും (അറാട്ടി) കെട്ടി കൈകളിൽ ഞാറുമായി നർത്തകരെത്തി. കാശുമാലയും ഓലയും മഞ്ചാടിക്കുരുവുമുള്ള കമ്മലും അണിഞ്ഞ് ഓരോ സംഘവും നിറഞ്ഞാടിയത് കലോത്സവത്തിലെ പുത്തൻ കാഴ്‌ചയായി.
സ്‌കൂൾ കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ പണിയ നൃത്തത്തെ ആസ്വാദകർ നിറകൈയടിയോടെയാണ് വരവേറ്റത്. വയനാട്ടിലെ പണിയ സമുദായം അവതരിപ്പിക്കുന്ന കലാരൂപമാണിത്. കമ്പളനാട്ടി, വട്ടക്കളി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് പണിയ നൃത്തം അരങ്ങിലെത്തുന്നത്. വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ ജോലി എളുപ്പമാക്കുന്നതിന് പുരുഷന്മാർ താളത്തിൽ പാട്ട് പാടുന്ന കമ്പളനാട്ടിയും ആഘോഷവേളകളിൽ കളിക്കുന്ന വട്ടക്കളിയും ഒരുമിപ്പിച്ചാണ് കുട്ടികൾ വേദിയിലെത്തിച്ചത്. 12 പേരുള്ള എട്ട് ടീമുകൾ മത്സരിച്ച ഹൈസ്‌കൂൾ വിഭാഗത്തിൽ എടവനക്കാട് എസ്ഡിപിവൈ എച്ച്എസും നാല് ടീമുകൾ മത്സരിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ നോർത്ത് പറവൂർ പുല്ലംകുളം എസ്എൻ എച്ച്എസ്എസുമാണ് ഒന്നാമതെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..