28 December Saturday

ഡിജിറ്റൽ ആസക്തി ഗുരുതരം; രക്ഷിക്കാം, കുഞ്ഞുങ്ങളെ

സ്വന്തം ലേഖകൻUpdated: Saturday Dec 28, 2024

കൊച്ചി> ‘‘കുട്ടിയുടെ കൈയിൽനിന്ന്‌ ഫോൺ വാങ്ങിവച്ചാൽ അവനെന്റെ മുഖത്ത്‌ ഇടിക്കും.’’ കഴിഞ്ഞദിവസം ഡി ഡാഡ്‌ സെന്ററിൽ എത്തിയ അമ്മയുടെ വാക്കുകളിൽനിന്നറിയാം കുട്ടികളിലെ ഡിജിറ്റൽ ആസക്തിയുടെ ഭീകരത. അക്രമാസക്തരാകൽ, ആത്മഹത്യാപ്രവണത, അമിതദേഷ്യം, പഠനത്തിലെ ശ്രദ്ധക്കുറവ്‌... തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ്‌ ഡിജിറ്റൽ ആസക്തി കുട്ടികളിലുണ്ടാക്കുന്നതെന്ന്‌ ഡി ഡാഡ്‌ പദ്ധതിയുടെ പൊലീസ്‌ കോ–ഓർഡിനേറ്റർ എം ബി സൂരജ്‌കുമാർ പറഞ്ഞു. പദ്ധതിയിലൂടെ നിരവധി കുട്ടികളെ രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു

ഡിജിറ്റൽ ആസക്തിയും തുടർന്നുള്ള മാനസികപ്രശ്നങ്ങളും പരിഹരിക്കാൻ പൊലീസിന്റെ സോഷ്യൽ പൊലീസിങ്‌ ഡിവിഷനുകീഴിൽ ആരംഭിച്ചതാണ്‌ ഡിജിറ്റൽ ഡീ- അഡിക്‌ഷൻ സെന്ററുകൾ (ഡി ഡാഡ്‌). ജില്ലയിലെ രണ്ട്‌ സെന്ററുകളിലായി 144 കുട്ടികൾക്ക്‌ കൗൺസലിങ്‌ നൽകി. 15, 16, 17 വയസ്സുള്ളവരാണ്‌ കൂടുതലും. ആൺകുട്ടികൾ ഗെയിമുകൾക്കും പെൺകുട്ടികൾ ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കുമാണ്‌ കൂടുതൽ അടിപ്പെടുന്നതെന്ന്‌ പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ സഞ്‌ജന റോയ്‌ പറഞ്ഞു. കുടുംബസാഹചര്യവും ഡിജിറ്റൽ അടിമത്തത്തിലേക്ക്‌ നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്‌. കുട്ടി ഇത്തരമൊരു അവസ്ഥയിലാണെന്ന്‌ മാതാപിതാക്കൾ സമ്മതിക്കാത്ത സ്ഥിതിയുമുണ്ട്‌. റീൽസാണ്‌ റിയലെന്ന്‌ വിശ്വസിക്കുന്നവരും നിരവധിയാണെന്ന്‌ -സൂരജ്‌കുമാർ പറഞ്ഞു.

18 വയസിനുതാഴെയുള്ളവരെ സൗജന്യ കൗൺസലിങ്‌ നൽകി ഡിജിറ്റൽ ആസക്തിയിൽനിന്ന്‌ മുക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. ചികിത്സ വേണ്ടവരെ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ അയക്കും. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കൾക്ക്‌ ഉൾപ്പെടെ ബോധവൽക്കരണം നൽകുന്നു. മട്ടാഞ്ചേരി അസി. പൊലീസ്‌ കമീഷണറുടെ ഓഫീസിലാണ്‌ പ്രധാന സെന്റർ. എറണാകുളം സെൻ‍‍ട്രൽ പൊലീസ് സ്റ്റേഷനോട് ചേർന്ന് സബ് സെന്ററും ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കുന്നു. രണ്ടിടത്തും രാവിലെ പത്തുമുതൽ അഞ്ചുവരെ സൈക്കോളജിസ്റ്റിന്റെ സേവനം ലഭിക്കും. 2023 ജനുവരിയിലാണ്‌ പദ്ധതി ആരംഭിച്ചത്‌. ഫോൺ: 94979 75400.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top