മട്ടാഞ്ചേരി
സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ബുധനാഴ്‌ച അവസാനിക്കാനിരിക്കെ ചാകരക്കോള് തേടി കടലിൽ പോകാനുള്ള ഒരുക്കത്തിൽ മത്സ്യത്തൊഴിലാളികൾ. ബുധൻ അർധരാത്രി ബോട്ടുകളുടെ വിലക്ക് നീങ്ങും. ജില്ലയിൽ 700 ട്രോളിങ് ബോട്ടുകൾ, 75 പേഴ്സീൻ, 300 ചൂണ്ട ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്.
അറ്റകുറ്റപ്പണി തീർത്ത് വലകളും ബോട്ടുകളും സജ്ജമാക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. കുളച്ചൽ, തൂത്തൂർ, നാഗപട്ടണം എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഹാർബറുകളിലേക്ക് മടങ്ങിയെത്തിത്തുടങ്ങി. അടച്ചിട്ട ഡീസൽ പമ്പുകളും ഐസ് ഫാക്ടറികളും സജീവമായി.
ചാകര ഉണ്ടാകുമെന്ന പ്രതീക്ഷയയിലാണ് തൊഴിലാളികൾ. കിളിമീൻ, കരിക്കാടി, കടൽ വരാൽ എന്നിവ കൂടുതൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ട്രോളിങ് നിരോധനം 48 ദിവസം പിന്നിട്ടിട്ടും പരമ്പരാഗത വള്ളങ്ങൾ കടലമ്മയുടെ കനിവ് ലഭിക്കാത്ത നിരാശയിലാണ്. അടിത്തട്ട് കോരിയുള്ള കടലിളക്കത്തിലും ചാകര കൊയ്ത്തില്ലാത്തതും പരമ്പരാഗത തൊഴിലാളികളെ ദുഃഖത്തിലാക്കി. ചെറുതും വലുതുമായ ആറായിരത്തിലേറെ പരമ്പരാഗത വള്ളങ്ങൾ കേരള തീരത്തുനിന്ന് കടലിൽ പോകുന്നുണ്ട്. നാരനും കിളിമീനും മത്തിയും അയിലയുമൊന്നും ഇക്കുറി കാര്യമായി ലഭിച്ചില്ല. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കടലിളക്കവും കാലാവസ്ഥ അനുകൂലഘടകവും നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങുന്ന യാനങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..