മൂവാറ്റുപുഴ
ക്ഷീരകർഷകന്റെ ഒന്നരലക്ഷത്തിലേറെ വിലയുള്ള രണ്ട് കറവപ്പശുക്കളും കിടാവും തൊഴുത്തിൽ ചത്തനിലയിൽ. മാറാടി പഞ്ചായത്ത് രണ്ടാംവാർഡിൽ കായനാട് മുണ്ടിയത്തിൽ എം ജി ബൈജുവിന്റെ കറവയുള്ള രണ്ട് പശുവിനെയും ഒന്നരവയസ്സുള്ള കിടാവിനെയുമാണ് വീടിനുസമീപത്തെ തൊഴുത്തിൽ ഞായർ രാവിലെ ചത്തനിലയിൽ കണ്ടത്.
ശനി രാത്രി 11 വരെ പശുക്കൾക്ക് അസ്വസ്ഥതകളൊന്നുമുണ്ടായിരുന്നില്ലെന്ന് ബൈജു പറഞ്ഞു. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശുവിനും അസ്വസ്ഥതകളില്ല. മൃഗസംരക്ഷണവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷമീം അബുബക്കർ, മാറാടി വെറ്ററിനറി സർജൻ ഡോ. ഷീന ജോസഫ്, ആയവന വെറ്ററിനറി സർജൻ വിക്ടോ ജോബിൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പശുക്കളുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി കുഴിച്ചിട്ടു. പശുക്കളുടെ രക്തത്തിന്റെയും ആന്തരികാവയവ ഭാഗങ്ങളുടെയും സാമ്പിൾ മണ്ണുത്തി വെറ്ററിനറി കോളേജിലേക്ക് അയക്കും. പരിശോധനാഫലം ലഭിച്ചശേഷമെ മരണകാരണം വ്യക്തമാകുകയുള്ളു.
പശുവിൻപാൽ വിറ്റുകിട്ടുന്ന വരുമാനമായിരുന്നു ബൈജുവിന്റെ ആശ്രയം. പ്രായമായ അമ്മയും ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളുമടങ്ങിയ കുടുംബമാണ് ബൈജുവിന്റേത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി, പഞ്ചായത്ത് അംഗം പി പി ജോളിയുൾപ്പെടെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. ഞായർ പുലർച്ചെ പാൽ കറക്കാനെത്തിയപ്പോഴാണ് പശുക്കൾ ചത്തത് കണ്ടതെന്ന് ബൈജു പറഞ്ഞു. എട്ടും ആറും ലിറ്റർ പാൽ ലഭിക്കുന്ന രണ്ട് പശുക്കളും ഒന്നരവയസ്സുള്ള കിടാവുമാണ് ചത്തത്. രാത്രി 11.30നുശേഷമാണ് സംഭവിച്ചതെന്ന് ബൈജു പറഞ്ഞു. പശുക്കളുടെ വയർ വീർത്ത നിലയിലായിരുന്നു. കാലിത്തീറ്റ കൊടുക്കാറില്ല. പറമ്പിലെ പുല്ലായിരുന്നു പ്രധാനമായി നൽകിയിരുന്നത്. പുല്ലിൽ വിഷാംശമുണ്ടായിരുന്നോ മറ്റെന്തെങ്കിലും കാരണമാണോയെന്ന ആശങ്കയിലാണ് ബൈജു.15 വർഷമായി പശുവളർത്തലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..