29 September Sunday

പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


പറവൂർ
നഗരസഭയിലെ വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് നഗരസഭാ അധ്യക്ഷ ബീന ശശിധര​ന്റെ നേതൃത്വത്തിൽ ഭരണ–-പ്രതിപക്ഷ കൗൺസിലർമാർ പറവൂർ ജല അതോറിറ്റി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പുസമരം സംഘടിപ്പിച്ചു. നാലുദിവസമായി കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും ജനങ്ങൾ വലയുകയാണെന്നും ജനപ്രതിനിധികൾ പറഞ്ഞു. രണ്ടുദിവസംമുമ്പ് മറിയപ്പടിയിൽ കുടിവെള്ളക്കുഴൽ തകർന്നതുമൂലമാണ് ജലവിതരണം താറുമാറായത്. വെള്ളി രാത്രിയോടെ പ്രശ്നം പരിഹരിച്ചെങ്കിലും ശനി രാവിലെ മൂന്നിടത്ത് വീണ്ടും കുടിവെള്ളക്കുഴൽ പൊട്ടി. തട്ടാംപടിയിലെ ഷാപ്പുപടി, മന്നം സബ് സ്റ്റേഷനുസമീപം, മന്നം കവല എന്നിവിടങ്ങളിലാണ് കുഴല്‍ പൊട്ടിയത്. മൂന്നിടത്തും ചെറിയ തോതിലുള്ള ചോർച്ചയാണ്‌ ഉണ്ടായിട്ടുള്ളത്.

മന്നം ആപ്പേ ബസ് സ്റ്റോപ്പിനുസമീപം കുടിവെള്ളക്കുഴൽ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും പരിഹാരം ഉണ്ടായിട്ടില്ല. നഗരപ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് ശനി വൈകിട്ടോടെ പമ്പിങ് തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഞായർ രാവിലെയോടെ മുഴുവൻ പ്രദേശത്തും വെള്ളമെത്തുമെന്ന ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഉപാധ്യക്ഷൻ എം ജെ രാജു, എം കെ ബാനർജി, എൻ ഐ പൗലോസ്, ജോബി പഞ്ഞിക്കാരൻ, സജി നമ്പിയത്ത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top