23 December Monday

വിനോദയാത്രാസംഘങ്ങളുടെ ബസുകൾ അപകടത്തിൽപ്പെട്ടു

സ്വന്തം ലേഖകർUpdated: Tuesday Oct 29, 2024


വൈപ്പിൻ / പറവൂർ
സംസ്ഥാനപാതയിൽ ചെറായി സഹോദരൻസ്മാരക ഹൈസ്കൂളിന്‌ വടക്കുവശത്തും ദേശീയപാത 66ൽ ചിറ്റാറ്റുകരയിലുമായി രണ്ട്‌ വിനോദയാത്രാസംഘങ്ങളുടെ ബസുകൾ അപകടത്തിൽപ്പെട്ടു. ഞാറക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ വിനോദയാത്രക്ക് പോയ രണ്ട് ടൂറിസ്റ്റ് ബസുകളിൽ ഒന്നാണ്‌ രാവിലെ ആറോടെ ചെറായിയിൽ അപകടത്തിൽപ്പെട്ടത്‌. മലപ്പുറത്തുനിന്ന്‌ എറണാകുളത്തേക്ക് പാരലൽ കോളേജ് വിദ്യാർഥികളുമായി വിനോദയാത്രയ്‌ക്കുപോയ ബസാണ് രാവിലെ 10.30ഓടെ ചിറ്റാറ്റുകരയിൽ  അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണംവിട്ട്‌ മുന്നിലെ ചക്രം കാനയിലേക്ക് വീഴുകയായിരുന്നു. ബസിൽ 29 പെൺകുട്ടികളും രണ്ട് അധ്യാപകരും ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല.

ഞാറക്കലിൽ ബസ്‌ വൈദ്യുതി തൂണുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബസ് ക്ലീനർക്കും പരിക്കേറ്റു. സ്കൂളിൽനിന്ന്‌ പുലർച്ചെ കൊടൈക്കനാലിലേക്ക് പോകുകയായിരുന്നു ബസുകൾ. അപകടത്തിൽപ്പെട്ട ബസിൽ 35 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.

അഞ്ച് വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും ബസ് ജീവനക്കാരനുമാണ് പരിക്കേറ്റത്. ഇവരിൽ ബസ് ക്ലീനറെയും ഒരു അധ്യാപകനെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും വിദ്യാർഥികളായ ആദർശ് ദേവ് (17), ആരോമൽ അനിൽകുമാർ (17), ലതാ ജോൺസൺ (17), ആന്റോ സിബി (17), അഞ്ജന പ്രമോദ് (17) എന്നിവരെയും അധ്യാപകൻ തോമസ് കെ സ്റ്റീഫനെയും (52) കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ടോടെ എല്ലാവരും ആശുപത്രി വിട്ടു. വടക്കോട്ടേക്ക് പോകുകയായിരുന്ന ബസ് എതിരെവന്ന ടാങ്കർലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. ആദ്യം  ഇടതുവശത്തെ ഇരുമ്പുതൂണിൽ ഇടിച്ചശേഷം മുന്നോട്ടുപോയി അടുത്തുള്ള കോൺക്രീറ്റ് തൂണും തകർത്താണ് നിന്നത്. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. പിന്നാലെ വന്ന രണ്ടാമത്തെ ബസിലെ വിദ്യാർഥികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ മുനമ്പം പൊലീസും സ്ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top