29 October Tuesday

സമീപത്തെ മണ്ണെടുപ്പ്‌ കല്ലില്‍ക്ഷേത്രത്തിന് ഭീഷണി ; ആർഡിഒ റിപ്പോർട്ട് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


പെരുമ്പാവൂർ
മേതല കല്ലില്‍ ഗുഹാക്ഷേത്രത്തിനുസമീപമുള്ള പ്ലൈവുഡ് ഫാക്ടറികളുടെ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ മൂവാറ്റുപുഴ ആർഡിഒയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനാ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചു. ക്ഷേത്രത്തിന്റെ സമീപപ്രദേശത്ത് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയപ്പോൾ ക്ഷേത്രം ഭരണസമിതിയും പ്രദേശവാസികളും മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിമാർക്കും പരാതി നൽകിയതിനെത്തുടർന്നാണ്‌ നടപടി. സംഭവം സംബന്ധിച്ച് അന്വേഷിച്ച്‌ റിപ്പോർട്ട് നൽകാൻ കലക്ടർ നിർദേശിച്ചിരുന്നു. മൂവാറ്റുപുഴ ആർഡിഒ പി എൻ അനിയുടെ നേതൃത്വത്തിൽ തഹസിൽദാർ, വില്ലേജ് ഓഫീസർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് കഴിഞ്ഞ 15ന് റിപ്പോർട്ട് സമർപ്പിച്ചത്.

ചെരിഞ്ഞുകിടക്കുന്ന ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നത്‌ ക്ഷേത്രത്തിന് അപകടഭീഷണിയാകുമെന്നായിരുന്നു നാട്ടുകാരുടെയും ക്ഷേത്രം ഭാരവാഹികളുടെയും പരാതി. ജൈന ക്ഷേത്രങ്ങളിലൊന്നായിരുന്ന ഗുഹാക്ഷേത്രം കേരള പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്. 2017ല്‍ ക്ഷേത്രത്തിനുസമീപം മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ടെന്നും ക്ഷേത്രത്തിന് തകര്‍ച്ചാഭീഷണിയുണ്ടെന്നും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ നിര്‍മാണ അനുമതികള്‍ നല്‍കരുതെന്നും തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top