29 October Tuesday

യാത്രക്കാരെ ഇറക്കി, 
പിന്നാലെ തീയാളി

ജയ്‌സൺ ഫ്രാൻസിസ്‌Updated: Tuesday Oct 29, 2024

കെഎസ്‌ആർടിസി കണ്ടക്ടർ കെ എം രാജുവും ഡ്രൈവർ വി ടി വിജേഷും


കൊച്ചി
‘‘യാത്രക്കാരെ ഇറക്കിയതിനുപിന്നാലെ തീയാളിക്കത്തി’’ -വി ടി വിജേഷിന്റെയും കെ എം രാജുവിന്റെയും വാക്കുകളിൽ നടുക്കത്തിനൊപ്പം യാത്രക്കാരെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസവും. ഇയ്യാട്ടിൽമുക്കിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കെഎസ്‌ആർടിസി ലോഫ്ലോർ ബസിലെ ഡ്രൈവറാണ്‌ വിജേഷ്‌. കണ്ടക്ടറാണ്‌ രാജു.
‘‘സ്‌റ്റാൻഡിൽനിന്ന്‌ ബസ്‌ എടുത്തതേയുണ്ടായിരുന്നുള്ളൂ. ടിക്കറ്റ്‌ കൊടുക്കാൻ ആരംഭിച്ചപ്പോഴാണ്‌ ഡാഷ്‌ബോർഡിൽ അപായ മുന്നറിയിപ്പ്‌ തെളിഞ്ഞത്‌. ഒപ്പം എസിയും ഓഫായി. ഇതിനിടെ മറികടന്നെത്തിയ ബൈക്ക്‌ യാത്രക്കാരൻ പുക വരുന്നതായി വിളിച്ചുപറഞ്ഞു. ഉടൻ ബസ്‌ നിർത്തി. യാത്രക്കാരോട്‌ വേഗം ഇറങ്ങാൻ ആവശ്യപ്പെട്ടു.

അവർക്കൊന്നും മനസ്സിലായില്ല. ചിലരെ നിർബന്ധിക്കേണ്ടിവന്നു. തീപിടിത്തമുണ്ടായ പിറകുവശത്തെ സീറ്റുകളിൽ ഉൾപ്പെടെ യാത്രക്കാരുണ്ടായിരുന്നു. മുഴവൻപേരെയും  സുരക്ഷിതമായി അതിവേഗം ഇറക്കി. പിന്നാലെ തീ ആളിപ്പടർന്നു. സമീപത്തെ സ്ഥാപനങ്ങളിൽനിന്ന്‌ അഗ്നിശമന ഉപകരണം സംഘടിപ്പിച്ച്‌ തീയണയ്‌ക്കാൻ ശ്രമിച്ചു. പൊട്ടിത്തെറിക്കുമെന്ന്‌ പേടിയുണ്ടായിരുന്നെങ്കിലും ധൈര്യം കൈവിട്ടില്ല. പറ്റാവുന്നരീതിയിൽ എല്ലാം ചെയ്‌തു. എന്നാൽ, ഞങ്ങൾ ചെയ്‌തതൊന്നും ഏറ്റില്ല. അഗ്നി രക്ഷാസേന എത്തിയതോടെയാണ്‌ തീയണയ്‌ക്കാൻ കഴിഞ്ഞത്‌–-വിജേഷും രാജുവും പറഞ്ഞു. തിങ്കളാഴ്‌ച നാലാമത്തെ സർവീസായിരുന്നുവെന്നും സ്‌റ്റാൻഡിൽനിന്ന്‌ എടുക്കുമ്പോഴോ യാത്രയ്‌ക്കിടയിലോ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top