ആലുവ
റൂറൽ ജില്ലയിൽ പൊലീസ് കഴിഞ്ഞദിവസം നടത്തിയ പ്രത്യേക പരിശോധനയിൽ 855 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ച 24 പേർ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർക്കെതിരെ നടപടിയെടുത്തു. ഇതിൽ 26 വലിയ വാഹനങ്ങളും 168 മറ്റ് വാഹനങ്ങളും ഉൾപ്പെടും. അമിതവേഗത്തിൽ വാഹനമോടിച്ച 37ഉം അപകടകരമായി വാഹനമോടിച്ച 87ഉം ഡ്രൈവർമാർ പിടിയിലായി. ഇതിൽ 13 പേർ വലിയ വാഹനങ്ങൾ ഓടിച്ചവരാണ്. അനധികൃത പാർക്കിങ്ങിന് 383 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ 255 വലിയ വാഹനങ്ങളും 128 മറ്റ് വാഹനങ്ങളും ഉൾപ്പെടും. ലൈൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 93 ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിച്ചു. അമിതഭാരം കയറ്റിയ 35 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ, മുനമ്പം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ് സബ്ഡിവിഷനുകളിൽ പ്രത്യേക സംഘമായിട്ടാണ് പരിശോധന നടത്തിയത്. 3000 വാഹനങ്ങളാണ് ഒറ്റദിവസം പരിശോധിച്ചത്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..