17 September Tuesday

കനത്ത മഴയിൽ പാലവും റോഡും മുങ്ങി; 
18 കുടുംബം ദുരിതാശ്വാസക്യാമ്പില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024


പെരുമ്പാവൂർ
കനത്ത മഴയിൽ പെരിയാറിലും തോടുകളിലും വെള്ളം പൊങ്ങിയതിനെ തുടർന്ന് 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വേങ്ങൂർ പണംകുഴി പമ്പ്ഹൗസ് വെള്ളത്തിൽ മുങ്ങിയതുമൂലം പമ്പിങ് നിർത്തിവച്ചു. കൊച്ചുപുരയ്ക്കൽ കടവിലെ സൊസൈറ്റി പാലം മുങ്ങി. ഒരാളുടെ കിണർ ഇടിഞ്ഞുതകർന്നു. റോഡുകളിൽ വെള്ളം പൊങ്ങിയതുമൂലം യാത്രയ്ക്ക് ദുരിതംനേരിട്ടു. വേങ്ങൂർ പഞ്ചായത്തിൽ സൊസൈറ്റി പാലത്തിനുസമീപമുള്ള മൂന്ന് കുടുംബങ്ങളെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി.

പെരുമ്പാവൂർ നഗരസഭ രണ്ടാംവാർഡിലെ അതിഥിത്തൊഴിലാളികളുടെ മൂന്ന് കുടുംബങ്ങൾ ഉൾപ്പെടെ 15 കുടുംബങ്ങളെ കാഞ്ഞിരക്കാട് മദ്രസ ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാണംകുഴി കണ്ണാടൻ യാക്കോബി​ന്റെ വീട്ടിലെ കിണറാണ് മഴയിൽ ഇടിഞ്ഞത്. വേങ്ങൂർ, മുടക്കുഴ പ്രദേശങ്ങളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ടാങ്കാണ് മുങ്ങിയത്. വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറ ബംഗാൾ കോളനിയിലും ബസ് സ്റ്റാന്‍ഡ് കണ്ടന്തറ റോഡിലും വെള്ളം കയറി. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പെരിയാറിനോട് ചേർത്ത് നിർമിച്ച ബലിതർപ്പണ പന്തൽ വെള്ളത്തിൽ മുങ്ങി. ഒക്കൽ തുരുത്തിലേക്കുള്ള പാലവും മുങ്ങി. ഇവിടെ താമസിക്കുന്ന 24 കുടുംബങ്ങളോട് ദുരിതാശ്വാസക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടുതാഴം പാലത്തിനുസമീപം പാത്തിതോട്ടിലെ വെള്ളംപൊങ്ങി സമീപമുള്ള വീടുകളിൽ വെള്ളം കയറി. താലൂക്കുതല കൺട്രോൾ റൂം ആരംഭിച്ചതായി തഹസിൽദാർ ജെ താജുദ്ദീൻ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയതായി മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top