മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭയിലെ മാലിന്യസംസ്‌കരണം താറുമാറായി. ഈസ്റ്റ് കടാതിയിലെ വളക്കുഴി ഡംപിങ് യാര്‍ഡിലെ മാലിന്യം ചീഞ്ഞുനാറിയതോടെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ദിവസങ്ങളായി ഇവിടെനിന്ന് ദുര്‍ഗന്ധംവമിക്കുന്നതുമൂലം നാട്ടുകാർ ബുദ്ധിമുട്ടിലാണ്. നഗരമാലിന്യം ശേഖരിച്ച് ഡംപിങ് യാര്‍ഡിലാണ് തള്ളുന്നത്.
ഇവിടെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ ശ്രദ്ധിക്കാത്തതിനാൽ മഴക്കാലത്ത് നാട്ടുകാർ ഏറെ ബുദ്ധിമുട്ടുകയാണ്. തെരുവുനായകളും കാക്കകളും മാലിന്യം പരിസരങ്ങളിൽ കൊണ്ടിടുകയാണ്. മഴവെള്ളത്തിൽ റോഡിലും പരിസരങ്ങളിലും മാലിന്യം ഒഴുകിയെത്തുന്നു.
പലതവണ പരാതിപ്പെട്ടെങ്കിലും നഗരസഭ നടപടിയെടുത്തില്ല. കഴിഞ്ഞ ഏപ്രിലില്‍ ഡംപിങ് യാര്‍ഡില്‍ ബയോമൈനിങ് തുടങ്ങാൻ കോടികള്‍ മുടക്കി കൂറ്റന്‍ യന്ത്രസാമഗ്രികള്‍ നാഗ്പുരില്‍നിന്ന് എത്തിച്ചെങ്കിലും പ്രവര്‍ത്തനമാരംഭിച്ചില്ല. നാഗ്പുരിലെ എസ്എംഎസ് ലിമിറ്റഡാണ് കരാറുകാർ. നഗരസഭയ്ക്ക് പുറത്തുനിന്നുള്ള മാലിന്യവും ഇവിടെയെത്തുന്നുവെന്ന ആക്ഷേപവുമുണ്ട്. അലംഭാവം തുടർന്നാൽ നാട്ടുകാർ ഡംപിങ് യാർഡിലേക്കെത്തുന്ന വാഹനങ്ങള്‍ തടയുന്നതുൾപ്പെടെയുള്ള സമരം നടത്താനാണ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..