കാലടി
കാഞ്ഞൂർ പഞ്ചായത്തിലെ മുടിക്കൽ കടവിൽ പുതിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആരംഭിക്കുന്നതിന് 1.2 കോടിയുടെ ഭരണാനുമതി ലഭിച്ചതായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി അഭിജിത് അറിയിച്ചു. അടുത്ത വേനലിനുമുമ്പായി പദ്ധതി പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. 2023 ഡിസംബറിലാണ് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. പ്രാരംഭനടപടിയായി മുടിക്കൽ കടവിനോടുചേർന്ന് പമ്പിങ് സ്റ്റേഷൻ ആരംഭിക്കുന്നതിനായുള്ള സ്ഥലം അളന്നുതിരിക്കാൻ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ എത്തി. ജലസേചനപദ്ധതി നിലവിൽ വരുന്നതോടെ പാറപ്പുറം പ്രദേശത്തെ കുടിവെള്ള–-ജലസേചന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അടുത്തയാഴ്ച പദ്ധതിയുടെ തറക്കല്ലിടൽ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബ്ലോക്ക് അംഗം പറഞ്ഞു. കാഞ്ഞൂർ പഞ്ചായത്ത് അംഗം ഗ്രേസി ദയാനന്ദൻ, സി കെ സലിംകുമാർ, ടി എസ് ജയൻ, പ്രവീൺ ലാൽജി, റെജി തോമസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..