കളമശേരി
അന്താരാഷ്‌ട്ര വിമാനത്താവളത്തെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന എയർപോർട്ട്–-സീപോർട്ട് റോഡ് ഒടുവിൽ വിഭാവനംചെയ്‌ത അതേരീതിയിൽ യാഥാർഥ്യമാകുന്നു. 1999ൽ തുടങ്ങിയ പദ്ധതിയുടെ ആദ്യഭാഗം 2003ൽ പൂർത്തിയായെങ്കിലും 25 വർഷത്തിനുശേഷവും പൂർണമായി നിർമിക്കാനായിട്ടില്ല. പലവിധ തടസ്സങ്ങളിലും കേസുകളിലും കുരുങ്ങിയതാണ് കാരണം. സംസ്ഥാന ഭരണനേതൃത്വത്തിന്റെ നിതാന്തപരിശ്രമത്തിലൂടെ പദ്ധതി പൂർത്തീകരണത്തിന് ഒടുവിൽ വഴിതുറന്നിരിക്കുകയാണ്.
1999ൽ തുടങ്ങി
ഇരുമ്പനം–-കളമശേരി റോഡിനെ സീപോർട്ട്–-എയർപോർട്ട് റോഡായി വികസിപ്പിക്കാനുള്ള പദ്ധതി 1999ലെ ഇ കെ നായനാർ സർക്കാരിന്റേതാണ്. അതിനായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) രൂപീകരിച്ച് നിർമാണച്ചുമതല നൽകി. കൊച്ചി തുറമുഖത്തെ ബന്ധിപ്പിച്ച് ദേശീയപാതവഴി ഇരുമ്പനത്ത് എത്തുന്ന റോഡ് കാക്കനാട്, കളമശേരിവഴി എച്ച്എംടി, എൻഎഡി, മഹിളാലയം എന്നിവ കടന്ന് എയർപോർട്ടിലെത്തുന്നതായിരുന്നു പദ്ധതി.
ഒടുവിൽ വഴങ്ങി
എച്ച്‌എംടി
രണ്ടുഘട്ടമായി ആസൂത്രണം ചെയ്‌ത 25.8 കിലോമീറ്റർ റോഡിന്റെ ആദ്യഘട്ടം ഇരുമ്പനംമുതൽ കളമശേരിവരെയും (11.3 കിലോമീറ്റർ) രണ്ടാംഘട്ടം കളമശേരി (എച്ച്എംടി റോഡ്) മുതൽ എയർപോർട്ട് വരെ (14.5 കിലോമീറ്റർ)യുമാണ്. രണ്ടാംഘട്ടത്തിലെ ആദ്യഭാഗം എച്ച്എംടിയുടെ 500 മീറ്റർ ഭൂമി ഉൾപ്പെട്ടതാണ്. എച്ച്എംടിക്ക് സ്ഥലം ഏറ്റെടുത്തുനൽകുമ്പോഴത്തെ വ്യവസ്ഥ കമ്പനി ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് വിട്ടുനൽകണമെന്നാണ്. എന്നാൽ, ഭൂമിക്ക് എച്ച്‌എംടി വിപണിവില ആവശ്യപ്പെട്ടു. അതിനെതിരെ ഹൈക്കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ അനുകൂല ഉത്തരവ് നേടിയപ്പോൾ എച്ച്‌എംടി സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ, ഭൂമിയുടെ മാർക്കറ്റ് വില കോടതിയിൽ കെട്ടിവയ്‌ക്കാൻ സർക്കാർ അനുമതി തേടി. അഞ്ചേക്കറോളം ഭൂമിക്ക് 2016ലെ വിലയും പലിശയും ഉൾപ്പെടെ 32 കോടിയാണ് കെട്ടിവയ്‌ക്കേണ്ടത്. സർക്കാർ അതിനുള്ള നടപടികളിലാണ്. ഇതിനിടെ എച്ച്എംടി ഭൂമിയുടെ തുടർച്ചയായി എച്ച്എംടി കോളനി പ്രദേശത്ത് 2.7 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കി.
ഉപാധിയോടെ എൻഎഡി
തുടർന്നുള്ള ഭാഗത്താണ് പ്രതിരോധവകുപ്പിനുകീഴിലെ എൻഎഡിയുടെ 500 മീറ്റർ ഭൂമി. എ കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോൾപോലും ഭൂമിയേറ്റെടുക്കാനുള്ള നീക്കം വിജയിച്ചില്ല. മന്ത്രിമാരായ പി രാജീവിന്റെയും മുഹമ്മദ് റിയാസിന്റെയും പരിശ്രമത്തിലൂടെ ഇപ്പോൾ അതിനും പരിഹാരമായി. 22 കോടി രൂപ വില ഉറപ്പിച്ചാണെങ്കിലും ഭൂമി വിട്ടുനൽകാൻ എൻഎഡി സമ്മതിച്ചു. വില നൽകി ഭൂമിയേറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നു.
ഇനി വഴിമുടങ്ങില്ല
എൻഎഡിമുതൽ മഹിളാലയംവരെയുള്ള 6.5 കിലോമീറ്റർ ഭാഗമാണ് അടുത്തത്. ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. ഭൂമിവിലയായി 619.15 കോടിയും റോഡ് നിർമാണത്തിന് 102.88 കോടി രൂപയും കിഫ്ബിയിൽനിന്ന് അനുവദിച്ചു.മഹിളാലയംമുതൽ എയർപോർട്ടുവരെയുള്ള 4.5 കിലോമീറ്ററാണ് അടുത്തത്. ഇതിൽ ചൊവ്വരവരെയുള്ള ഭാഗത്ത് രണ്ടു പാലവും റോഡും പൂർത്തിയായി. തുടർന്നുള്ള നിർമാണത്തിന് 210 കോടിയുടെ പദ്ധതി സമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..