21 November Thursday

അടിയൊഴിഞ്ഞിട്ട്‌ ഭരിക്കാൻ നേരമില്ലാതെ പാമ്പാക്കുടയിലെ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


പിറവം
പരസ്പരം ആരോപണമുന്നയിച്ചും വെല്ലുവിളിച്ചും പാമ്പാക്കുട പഞ്ചായത്തിലെ യുഡിഎഫിൽ അങ്കം മുറുകുന്നു. തിങ്കളാഴ്ച സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ജേക്കബ് വിഭാഗം ഔദ്യോഗിക സ്ഥാനാർഥി തോറ്റു. മൂന്നാം വാർഡ് അംഗം കോൺഗ്രസിലെ റീനാമ്മ എബ്രഹാം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫ് തമ്മിലടിമൂലം രാജിവച്ച മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാധാ നാരായണൻകുട്ടിയാണ് തോറ്റത്. ഇതോടെ ജേക്കബ് വിഭാഗത്തിന് പഞ്ചായത്ത് ഭരണത്തിൽ പദവിയില്ലാതായി. സ്ഥിരംസമിതി അധ്യക്ഷ ശ്യാമള പ്രസാദ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഒഴിവിലാണ് തെരഞ്ഞെടുപ്പ്. 

സ്ഥിരംസമിതി അധ്യക്ഷനായെങ്കിലും പരിഗണിക്കണമെന്ന 12–-ാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ ജിനു സി ചാണ്ടിയുടെ അഭ്യർഥനയും നേതൃത്വം  പരിഗണിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം വേണമെന്ന് സമ്മർദം ശക്തമാക്കി ജിനു പരസ്യപ്രതികരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതിഷേധം കടുപ്പിച്ച്‌ ജേക്കബ് വിഭാഗത്തിലെ മറ്റൊരംഗംഫിലിപ്പ് ഇരട്ടിയാനിക്കൽ വികസന കാര്യസമിതിയിൽനിന്ന്‌ രാജിവച്ചു.  ജോസഫ് ഗ്രൂപ്പിലെ രൂപ രാജു വിദ്യാഭ്യാസ സമിതി അധ്യക്ഷസ്ഥാനം രാജിവച്ചിട്ടുണ്ട്. വികസനസമിതി അധ്യക്ഷസ്ഥാനമാണ്‌ രൂപ രാജു ചോദിക്കുന്നത്‌. ഒഴിവുകൾ നികത്താൻ നവംബർ 11ന് തെരഞ്ഞെടുപ്പ് നടക്കും.

ഗ്രൂപ്പുവഴക്കും യുഡിഎഫ് തർക്കവും കാരണം പഞ്ചായത്ത് പ്രസിഡന്റ്‌ കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ്‌ ജേക്കബ് വിഭാഗത്തിലെ രാധാ നാരായണൻകുട്ടി എന്നിവർ ഒരുമാസംമുമ്പ് രാജിവച്ചു. പാമ്പാക്കുട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഔദ്യോഗികപക്ഷത്തെ പരാജയപ്പെടുത്തി വിമതപക്ഷം വിജയിച്ചതാണ് രാജിക്ക് കാരണം. പ്രസിഡന്റുസ്ഥാനത്തേക്ക് കോൺഗ്രസിലെ 10–-ാം വാർഡ് അംഗം ശ്രീകാന്ത് നന്ദനും വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കോൺഗ്രസിലെ ഒമ്പതാം വാർഡ് അംഗം ശ്യാമള പ്രസാദും തെരഞ്ഞെടുക്കപ്പെട്ടു.  13 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 4 യുഡിഎഫ് 9 എന്നതാണ് കക്ഷിനില. യുഡിഎഫിൽ കോൺഗ്രസ് 6, ജേക്കബ് വിഭാഗം രണ്ട്, ജോസഫ് വിഭാഗം ഒന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top