20 September Friday

ബലിതർപ്പണം: ചേലാമറ്റത്ത്‌ 
ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024


പെരുമ്പാവൂര്‍
ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആഗസ്‌ത്‌ മൂന്ന്, നാല് ദിവസങ്ങളിൽ നടക്കുന്ന കർക്കടകവാവ് ബലിതർപ്പണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചടങ്ങുകള്‍ക്ക് തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. ശനി പുലര്‍ച്ചെ മൂന്നിന് തുടങ്ങുന്ന ബലിതര്‍പ്പണം ഞായർ പകൽ അവസാനിക്കും. ഒരേസമയം 1000 പേർക്ക്‌ ബലിതര്‍പ്പണം നടത്താം. ഗതാഗതനിയന്ത്രണങ്ങള്‍ക്കായി പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കവലയില്‍നിന്ന്‌ ക്ഷേത്രത്തിലെത്തി ഒക്കല്‍ കവലവരെയുള്ള റോഡില്‍ പൂര്‍ണമായും വണ്‍വേ സംവിധാനത്തിലാകും. പെരുമ്പാവൂര്‍, അങ്കമാലി ഡിപ്പോയില്‍നിന്ന്‌ കെഎസ്‌ആർടിസി സ്‌പെഷ്യൽ സര്‍വീസ് നടത്തും. അഗ്‌നി രക്ഷാസേന പെരുമ്പാവൂര്‍ യൂണിറ്റ് സ്‌കൂബാ ടീം ഉള്‍പ്പെടെ സജ്ജമാക്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചികിത്സാസഹായവും ഒരുക്കിയിട്ടുണ്ട്. തർപ്പണത്തിനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് ട്രസ്റ്റ് ആറുകോടിയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ബലിതർപ്പണ പന്തലിൽ വെള്ളം കയറിയാൽ പാർക്കിങ് ഏരിയകളിലേക്ക് ചടങ്ങുകൾ മാറ്റുമെന്ന്‌ ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ്‌ വി എച്ച് ഹരിദാസ്, സെക്രട്ടറി ടി ആർ സുനിൽകുമാർ, ട്രഷറർ ടി ബി പ്രസാദ്, പി എൻ ഗൗരി ശങ്കർ, കെ എസ് പ്രകാശ്, ടി കെ നീലകണ്ഠൻ നമ്പൂതിരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top