05 November Tuesday

മുക്കുപണ്ടം പണയംവച്ച്‌ തട്ടിപ്പ്‌ ; ചെമ്പുവളകൾ ചെന്നൈയിൽനിന്ന്‌ , കൂട്ടുപ്രതിയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024


കൊച്ചി
ചേരാനല്ലൂരിലെ കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച്‌ 33 ലക്ഷം തട്ടിയ കേസിൽ രണ്ടാംപ്രതി അറസ്‌റ്റിൽ. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സ്വർണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന തൃപ്പൂണിത്തുറ തെക്കുംഭാഗം ഗണേഷ്‌ ഭവനിൽ ജയ്‌ ഗണേഷാണ്‌ (42) ചേരാനല്ലൂർ പൊലീസി​ന്റെ പിടിയിലായത്‌.

ഒന്നാംപ്രതി മഞ്ഞുമ്മൽ മനക്കപ്പറമ്പിൽ വീട്ടിൽ ടി രേഖ (45)യെ നേരത്തേ അറസ്റ്റ്‌ ചെയ്‌തിരുന്നു. സ്വർണപ്പണിക്കാരൻകൂടിയാണ്‌ പിടിയിലായ ജയ്‌ ഗണേഷ്‌.
ചെന്നൈയിൽനിന്നാണ്‌ പ്രതികൾ തട്ടിപ്പിനായി വളകൾ വാങ്ങിയിരുന്നത്‌. സ്വർണം പൂശിയ ചെമ്പുവളകൾ വിവിധ ജ്വല്ലറികളിൽനിന്ന്‌ വാങ്ങി കെഎസ്‌എഫ്‌ഇ ശാഖയിൽ പണയംവയ്‌ക്കുകയായിരുന്നു. വിമാനമാർഗവും ബസിലുമായിരുന്നു ചെന്നൈയിലേക്കുള്ള യാത്രകൾ. 75 പവന്‌ തുല്യമായ തൂക്കമുള്ള മുക്കുപണ്ടമാണ്‌ ഇത്തരത്തിൽ പണയംവച്ചത്‌. പലതവണകളായി വളകൾമാത്രം പണയം വയ്‌ക്കുന്നതിൽ മാനേജർക്ക്‌ സംശയം തോന്നി. തിങ്കളാഴ്ച പണയംവയ്‌ക്കാനെത്തിയപ്പോൾ ജീവനക്കാർ ആഭരണം പരിശോധിച്ചു. തട്ടിപ്പ്‌ പിടിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഒന്നാംപ്രതി രേഖയ്‌ക്കെതിരെ നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിൽ തട്ടിപ്പ്‌ കേസുണ്ട്. മറ്റു പ്രതികളുണ്ടോയെന്നും സമാനരീതിയിൽ തട്ടിപ്പ്‌ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top