മൂവാറ്റുപുഴ
മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടർന്നാൽ ജലനിരപ്പ് ഉയരുമെന്ന ആശങ്കയിൽ അടിയന്തരസാഹചര്യം നേരിടാൻ റവന്യു, തദ്ദേശം, ആരോഗ്യ വകുപ്പുകളും പൊലീസ്, അഗ്നിരക്ഷാ സേന എന്നിവയും സജ്ജമായി. നഗരസഭയിലെ ഇലാഹിയ കോളനിയിൽ 36 വീടുകളിലും കാെച്ചങ്ങാടി 10, കാളച്ചന്ത 10, ആനിക്കാകുടി കോളനി 20, കിഴക്കേക്കര മൂന്ന്, ആയവന പഞ്ചായത്തിലെ പുന്നമറ്റത്ത് ചിറ്റേത്ത് ഭാഗത്ത് ആറ് വീടുകളിലും വെള്ളം കയറി. കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി.വെള്ളൂർക്കുന്നം വില്ലേജ് പരിധിയിൽ മൂവാറ്റുപുഴ ടൗൺ യുപി സ്കൂൾ, വാഴപ്പിള്ളി ഗവ. ജെബി സ്കൂൾ, കടാതി എൻഎസ്എസ് കരയോഗ മന്ദിരം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 28 പുരുഷന്മാരും 31 സ്ത്രീകളും 14 കുട്ടികളും ക്യാമ്പുകളിലുണ്ട്. ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധമരുന്നുകൾ നൽകി. കുര്യൻമല കമ്യൂണിറ്റി ഹാളിലും ക്യാമ്പ് പ്രവർത്തിക്കും.
മാറാടി പഞ്ചായത്തിലെ കായനാട്, സൗത്ത് മാറാടി, കായനാട് കവല, നോർത്ത് മാറാടി, ആവോലി പഞ്ചായത്തിലെ ആനിക്കാട്, കാവന, നടുക്കര, ആരക്കുഴയിലെ പെരിങ്ങഴ, പായിപ്രയിലെ പെരുമറ്റം, വാളകം പഞ്ചായത്തിലെ പെരുവംമൂഴി, കുന്നയ്ക്കാൽ, വാളകം, മേക്കടമ്പ്, റാക്കാട്, കടാതി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തുടർച്ചയായ മഴയും കോതമംഗലം, കാളിയാർ, തൊടുപുഴ ആറുകളിൽ നീരൊഴുക്ക് വർധിച്ചതും മലങ്കര ഡാമിലെ ഷട്ടറുകൾ തുറന്നതുമാണ് വെള്ളം കയറാൻ കാരണം. കാളിയാർ പുഴയിൽ കേന്ദ്ര ജലകമീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വിവിധസ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി വിതരണം നിലച്ചു. റാക്കാട് ശക്തിപുരത്ത് മാനംകുഴയ്ക്കൽ മനോജിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കിഴക്കേക്കരയിൽനിന്നെത്തിയ കാർ വഴിതെറ്റി മൂവാറ്റുപുഴയാറിലേക്ക് ഓടിച്ചിറങ്ങി. കക്കടാശേരി കാരക്കുന്നം റോഡ്, കടാതി റാക്കാട് റോഡ്, വെള്ളൂർക്കുന്നത്ത് ആനച്ചാൽ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി.
പുന്നമറ്റത്ത് വേങ്ങത്തണ്ട് ഭാഗത്ത് റോഡിൽ മണ്ണിടിഞ്ഞു. റവന്യു ഉദ്യോഗസ്ഥരെത്തി മണ്ണ് നീക്കി. പുഴക്കരക്കാവിലും മൂവാറ്റുപുഴക്കാവിലും വെള്ളം കയറി. മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയുടെ താഴത്തെനിലയിൽ വെള്ളം കയറി. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് എത്തി സാധനങ്ങൾ മാറ്റി. ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..