കോതമംഗലം
കനത്ത മഴയിലും കാറ്റിലും കോതമംഗലം താലൂക്കിൽ വിവിധമേഖലകളിൽ വെള്ളം കയറി. പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി. സമീപത്തെ വീടുകളിലും വെള്ളം കയറി. ഇവരെ മണികണ്ഠൻചാൽ സിഎസ്ഐ പള്ളി ഹാളിലെ ക്യാമ്പിലേക്ക് മാറ്റി.
നഗരസഭയിലെ തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറിയതിനാൽ താമസക്കാരെ കോതമംഗലം ടൗൺ യുപി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ ജങ്‌ഷനിൽ വെള്ളംകയറി ഗതാഗതം നിലച്ചു. ഇവിടെ കടകളിൽ വെള്ളം കയറി വൻ നാശമുണ്ടായി. സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവരെ തൃക്കാരിയൂർ ഗവ. എൽപി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. നെല്ലിക്കുഴി പഞ്ചായത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ: 96055 10828.
തൃക്കാരിയൂർ മഹാദേവക്ഷേത്രം, പാറത്തോട്ട് കാവ് ഭഗവതി ക്ഷേത്രം, കോതമംഗലം സെന്റ് ജോസഫ് ആശുപത്രി മന്ദിരം നഗരത്തിലെ ജോസ് കോളേജ് പാലം എന്നിവിടങ്ങളിൽ വെള്ളം കയറി.
പിണ്ടിമനയിലെ രണ്ടേക്കർ കപ്പക്കൃഷിയും നെല്ലിക്കുഴിയിലും ഭൂതത്താൻകെട്ടിലും ഏത്തവാഴത്തോട്ടങ്ങളും വെള്ളം കയറി നശിച്ചു. ജലനിരപ്പ് ഉയർന്നതോടെ ഭൂതത്താൻകെട്ട് ഡാമിലെ എല്ലാ ഷട്ടറും തുറന്നു. കോതമംഗലം താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ദുരിതബാധിതപ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയും റവന്യു ഉദ്യോഗസ്ഥരും സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..