കൂത്താട്ടുകുളം
ശക്തമായ മഴയിൽ കൂത്താട്ടുകുളം നഗരത്തിലൂടെയുള്ള ഉഴവൂർ തോടിന്റെ സംരക്ഷണഭിത്തി വിവിധഭാഗങ്ങളിൽ തകർന്ന് അപകടാവസ്ഥയിലായി. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ സംരക്ഷണഭിത്തിയും ശ്രീധരീയം ഭാഗത്തെ പുരയിടത്തിന്റെയും നടപ്പുറം റോഡിലെയും സംരക്ഷണഭിത്തിയാണ് തകർന്നത്. പെട്രോൾ പമ്പിന്റെ ചുറ്റുമതിലിനു മുകളിൽ സ്ഥാപിച്ചിരുന്ന 30 മീറ്ററോളം വരുന്ന ഇരുമ്പുവേലിയും ലൈറ്റും തോട്ടിലേക്ക് വീണു. ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ലൈറ്റ് പോസ്റ്റിലും ഇരുമ്പുവേലിയിലും കുരുങ്ങി നീരൊഴുക്ക് തടസ്സപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് സമീപത്തെ പുരയിടത്തിലേക്കും ഒഴുകി.
മേനമറ്റം റോഡിലും വെള്ളം കയറി. നഗരസഭ ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികൾ തോട്ടിലേക്ക് പതിച്ച ലൈറ്റ് പോസ്റ്റും ഇരുമ്പുവേലിയും മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ നീക്കി. തോടിന്റെ വിവിധഭാഗങ്ങളിലെ തടയണകളും ശുചീകരിച്ചു. നഗരസഭാ അധ്യക്ഷ വിജയ ശിവൻ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, സ്ഥിരംസമിതി അധ്യക്ഷ ഷിബി ബേബി എന്നിവർ നേതൃത്വം നൽകി. തോട്ടിലെ കുത്തൊഴുക്കിനെ തുടര്‍ന്ന് പാലത്തിനുസമീപത്തെ വെട്ടിക്കാട്ടിൽ ബിൽഡിങ്സും അപകടാവസ്ഥയിലായി. കൂത്താട്ടുകുളം നടക്കാവ് റോഡിൽ വാളിയാപ്പാടത്ത് രണ്ടു സ്ഥലങ്ങളിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി മുടങ്ങി. മണ്ണത്തൂർ തോട് കരകവിഞ്ഞ് കൃഷിയിടങ്ങൾ വെള്ളത്തിലായി. സർവീസ് സ്റ്റേഷനുസമീപം നീരൊഴുക്ക് തടസ്സപ്പെട്ട് നാല് അടിയോളം വെള്ളം പൊങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..