16 December Monday

തോരാമഴ ; 22 ക്യാമ്പ് തുറന്നു 613 പേരെ മാറ്റിപ്പാർപ്പിച്ചു

സ്വന്തം ലേഖികUpdated: Wednesday Jul 31, 2024

കനത്ത മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം മഹാദേവ ക്ഷേത്രവും പരിസരവും വെള്ളത്തിലമർന്നപ്പോൾ


കൊച്ചി
കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്‌ടം. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്‌ വിവിധ താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകളിലായി ൧൪൪ കുടുംബങ്ങളിലെ 613 പേരെ മാറ്റിപ്പാർപ്പിച്ചു.  ആലുവ, കോതമംഗലം, മൂവാറ്റുപുഴ, പറവൂർ താലൂക്കുകളിലാണ്‌ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്‌. ഏറ്റവും കൂടുതൽ ക്യാമ്പുകൾ ഉള്ള ആലുവ താലൂക്കിൽ ആറു ക്യാമ്പുകളിലായി 51 പേരെ മാറ്റിപ്പാർപ്പിച്ചു. കളമശേരി ഏലൂരിൽ കുറ്റിക്കാട്ടുകര ബോസ്‌കോ കോളനി, പവർലൂം ജങ്ഷൻ, കിഴക്കുംഭാഗത്ത് വലിയചാൽ തോട്, ചിറാക്കുഴി, മുഹമ്മദ് പിള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ 250 വീടുകളിൽ വെള്ളം കയറി.100 കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. 44 വീട്ടുകാരെ കുറ്റിക്കാട്ടുകര ഗവ. യുപി സ്കൂളിലേക്ക് മാറ്റി. പവർലൂം ജങ്ഷനിൽനിന്ന് ഹിൻഡാൽകോ യൂണിയൻ ഹാളിലേക്കും ചിറാക്കുഴി ഭാഗത്തെ കുടുംബങ്ങളെ ഈസ്റ്റേൺ സ്കൂളിലെ ക്യാമ്പിലേക്കും മാറ്റി.

അങ്കമാലി മഞ്ഞപ്ര മുളരിപ്പാടത്ത് 25 കുടുംബങ്ങളിലേക്ക് വെള്ളം കയറി. മൂക്കന്നൂർ പൂതംകുറ്റി നാലുസെന്റ്‌ കോളനിയിൽ പാണംപറമ്പിൽ രാജുവിന്റെ വീടിനുമുകളിൽ തെങ്ങ് വീണ് വീട്‌ പൂർണമായും തകർന്നു. രാജുവിനും ഭാര്യ രാധികക്കും പരിക്കേറ്റു. കാലടി കാഞ്ഞൂർ ചെങ്ങൽ വടയപ്പാടത്ത് വീട്ടിൽ അഷറഫ് യൂസഫ്, അൻവർ യൂസഫ്, സിദ്ദിഖ് ഇബ്രാഹിംകുട്ടി, നൗഷാദ് ഇബ്രാഹിംകുട്ടി എന്നിവരുടെ വീടുകളിൽ വെള്ളംകയറി. 20 ഓളംപേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പെരിയാറിൽ ഒന്നരമീറ്റർ വെള്ളം ഉയർന്നതോടെ കാലടി മണപ്പുറം ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി.

മൂവാറ്റുപുഴയാറിലും ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെങ്ങലിൽ നാല് വീടുകളിൽ വെള്ളം കയറി. ആലങ്ങാട് പഞ്ചായത്തിലെ മേത്താനം കണ്ണാലിത്തെറ്റ, പാനായിക്കുളം കരീച്ചാൽ, കോട്ടപ്പുറം ചെറുതുരുത്ത് എന്നിവിടങ്ങളിലെ 20 വീടുകളിൽ വെള്ളം കയറി. കരുമാല്ലൂർ പഞ്ചായത്തിലെ മാട്ടുപുറം ഭാഗത്ത് റോഡുകൾ വെള്ളത്തിനടിയിലായി.

മാഞ്ഞാലി എഐ യുപിഎസ്, തട്ടാംപടി സെന്റ്‌ ലിറ്റിൽ ട്രീസാസ്, ആലങ്ങാട് കെഇഎംഎച്ച്എസ്, വെളിയത്തുനാട് എംഐ യുപി സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് തുടങ്ങിയെങ്കിലും ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. ചേന്ദമംഗലം പഞ്ചായത്തിലെ തെക്കുംപുറത്ത് തോട് നിറഞ്ഞ് വീടുകളിൽ വെള്ളം കയറി. കിടപ്പുരോഗിയായ മാളിയേക്കൽ തുളസി (65)യെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയിൽ കോവിലകം പാലാതുരുത്ത് സംഘമിത്ര ഹാളിൽ ക്യാമ്പ് തുടങ്ങി.
പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര ഹൈസ്കൂളിൽ ക്യാമ്പ് തുടങ്ങി. സ്റ്റേഷൻകടവ്, കോഴിത്തുരുത്ത്, തെനപ്പുറം, തേലത്തുരുത്ത് പ്രദേശങ്ങളിൽ വീടുകളിലും വെള്ളം കയറി.

നദികളിൽ 
ജലനിരപ്പ്‌ 
ഉയരുന്നു
കനത്ത മഴയിൽ നദികളിലെ ജലനിരപ്പ്‌ ഉയരുന്നു. മൂവാറ്റുപുഴ, തൊടുപുഴ, കാളിയാർ ഭാഗങ്ങളിൽ വെള്ളം അപകടനിലയ്‌ക്ക്‌ മുകളിലായി. കാലടി, മാർത്താണ്ഡവർമ പാലം മുന്നറിയിപ്പുനില കടന്നു. മംഗലപ്പുഴയിലും ക്രമാതീതമായി ജലമുയർന്നു.

മഴ ശക്തം: 
നേരിടാൻ ജില്ല സജ്ജം
മഴ ശക്തമായി തുടരുന്നതിനാൽ പ്രതികൂലസാഹചര്യം നേരിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. സ്ഥിതി വിലയിരുത്താൻ കലക്‌ടർ എൻ എസ്‌ കെ ഉമേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക, കടലാക്രമണ സാധ്യതകളില്‍ കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നൽകി. നേവി, കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ് എന്നിവയും രംഗത്തുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സബ് കലക്ടര്‍ സന്ദര്‍ശിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ചെല്‍സാ സിനി, സബ് കലക്ടര്‍ കെ മീര തുടങ്ങിയവര്‍ സംസാരിച്ചു.

മലയാറ്റൂർ വനം ഡിവിഷനുകീഴിലുള്ള കാലടി മഹാഗണിത്തോട്ടം, ഭൂതത്താൻകെട്ട്, പാണിയേലി പോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അടച്ചിടും. എറണാകുളം ഡിടിപിസിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടാകില്ല.

മൺസൂൺ കൺട്രോൾ റൂം തുറന്ന് പൊലീസ്
മഴക്കെടുതിയെ നേരിടാൻ കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ അടിയന്തര സാഹചര്യങ്ങൾ സജ്ജമാക്കി. ജില്ല പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മൺസൂൺ കൺട്രോൾ റൂമി​ന്റെ പ്രവർത്തനം ആരംഭിച്ചതായി റൂറൽ എസ്‌പി ഡോ. വൈഭവ് സക്സേന അറിയിച്ചു. സ്റ്റേഷനുകളിലെ സംവിധാനങ്ങൾ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.

വെള്ളം കയറുന്ന അവസ്ഥയുണ്ടായാല്‍ നേരിടുന്നതിന് എമർജൻസി റെസ്പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കി. മുൻവർഷത്തെ സാഹചര്യങ്ങൾ പരിശോധിച്ച് വെള്ളം കയറാവുന്ന പ്രദേശങ്ങളുടെയും അവരെ മാറ്റിപ്പാർപ്പിക്കേണ്ട കേന്ദ്രങ്ങളുടെയും പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് തയ്യാറാക്കി. എമർജൻസി ലൈറ്റ്, പമ്പുസെറ്റ്, ടോർച്ച്, ലൈഫ് ജാക്കറ്റ്, അസ്‌ക്കാ ലൈറ്റ്, വടം എന്നിവ ഒരുക്കിയിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്‌പി അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 9497980500.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top