23 December Monday

കുരുക്കഴിയാതെ കാലടി ; 
വേണം ശ്രദ്ധ ബദൽ പാതകളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


കാലടി
കാലടിയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണാൻ മീഡിയൻ സ്ഥാപിച്ചതും ലക്ഷ്യംകണ്ടില്ല. മന്ത്രി ഇടപെട്ടതിനെ തുടർന്നാണ്‌ കാലടി റസിഡന്റ്‌സ്‌ അസോസിയേഷൻ,  ശ്രീശങ്കര പാലംമുതൽ മറ്റൂർവരെ ഒരുകിലോമീറ്ററിൽ മീഡിയൻ സ്ഥാപിച്ചത്‌. ബലക്കുറവുള്ള മീഡിയൻ ഒരുമാസത്തിനുള്ളിൽ വാഹനങ്ങൾ തട്ടിയുംമറ്റും തകർന്നു. ഇതോടെ വാഹനങ്ങൾ പഴയതുപോലെ തലങ്ങും വിലങ്ങും സഞ്ചരിച്ച്‌ പട്ടണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങളുടെ എണ്ണം കൂടിയതോടെ വിമാനത്താവളത്തിലേക്ക്‌ തിരിയുന്ന മറ്റൂരിലും കുരുക്ക്‌ വർധിക്കുന്നു.

പെരുമ്പാവൂർ ഭാഗത്തുനിന്ന്‌ വല്ലം പാറപ്പുറം- പുതിയ പാലം കാഞ്ഞൂർവഴി- നെടുമ്പാശേരിയിൽ എളുപ്പത്തിലെത്താം. എന്നാൽ, മറ്റു ജില്ലകളിൽനിന്ന്‌ വരുന്നവർക്ക്‌ ഈ  പാത അറിയാത്തതും പെരുമ്പാവൂർ ഭാഗത്ത് കൃത്യമായി ദിശാബോർഡുകൾ സ്ഥാപിക്കാത്തതുംമൂലം വാഹനങ്ങൾ എംസി റോഡിലൂടെ കാലടിയിലെത്തി കുരുക്കിൽപ്പെടുന്നു.

തൃശൂർ ഭാഗത്തുനിന്ന് ഇടുക്കി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ കാലടിയിൽ പ്രവേശിക്കാതെ അങ്കമാലിയിൽനിന്ന് മഞ്ഞപ്ര മലയാറ്റൂർ വല്ലം വഴി പെരുമ്പാവൂരിലേക്ക് കടത്തിവിടുന്നതും കാലടിയിലെ തിരക്ക്‌ കുറയ്‌ക്കും. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ഒരുമാസംമുമ്പ് ചേർന്ന യോഗത്തിൽ കാലടിയിലെ ഗതാഗതക്കുരുക്കഴിക്കാൻ തീരുമാനിച്ച കാര്യങ്ങളൊന്നും പഞ്ചായത്ത് നടപ്പാക്കിയില്ല.  പട്ടണത്തിൽ വൺവേ സംവിധാനം നടപ്പാക്കാനും ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റാനും ഇരുചക്രവാഹനങ്ങളുടെ റോഡരികിലെ പാർക്കിങ്‌ അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചെങ്കിലും പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി മറന്നമട്ടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top