17 September Tuesday

വന്യമൃഗശല്യം: പരിഹാരപദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


കോതമംഗലം
വന്യമൃഗശല്യം തടയുന്നതിന്‌ പ്രഖ്യാപിച്ച പദ്ധതികൾ വനംവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കോതമംഗലം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ വിവിധ പ്രദേശങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ട്രഞ്ച്, ഹാങ്ങിങ് ഫെൻസിങ്, ഫെൻസിങ് അടക്കമുള്ള പ്രതിരോധമാർഗങ്ങൾ സാങ്കേതികതടസ്സങ്ങൾ നീക്കി വേഗത്തിൽ പൂർത്തിയാക്കണമെന്നും പുരോഗതി ഡിഎഫ്ഒമാർ കൃത്യമായി അവലോകനം ചെയ്യണമെന്നും ആന്റണി ജോൺ എംഎൽഎ നിർദേശം നൽകി.

പട്ടയവിതരണനടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നേര്യമംഗലം 44 ഏക്കർ നഗർ, കുട്ടമ്പുഴ സത്രപ്പടി നാലുസെന്റ് നഗർ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽസാധ്യത നിലനിൽക്കുന്നതിനാൽ കാലാവസ്ഥ കൂടുതൽ പ്രതികൂലമാകുന്ന സാഹചര്യത്തിൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് റവന്യു, പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിൽ സത്രപ്പടി മേഖലയിലെ പുനരധിവാസത്തിനുള്ള വീടുനിർമാണം വേഗത്തിലാക്കണം. പന്തപ്രയിൽ വീടുനിർമാണത്തിന് പട്ടികവർഗ വികസനവകുപ്പ്‌ പദ്ധതികൂടി ചേർക്കാൻ നടപടിയെടുക്കണം. ഓണക്കാലത്ത്‌ ലഹരിവ്യാപനം കർശനമായി തടയുന്നതിന് എക്സൈസ് വകുപ്പ്‌  പരിശോധനകൾ കർശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top