കൊച്ചി
ലോക തിമിംഗിലസ്രാവ് ദിനത്തിൽ സ്‌കൂൾകുട്ടികൾക്ക് അവയുടെ സംരക്ഷണപാഠം പകർന്നുനൽകി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). വൈപ്പിൻ ഗവ. യുപി സ്‌കൂളിലാണ് സിഎംഎഫ്ആർഐ ബോധവൽക്കരണപരിപാടി നടത്തിയത്.
വംശനാശഭീഷണി നേരിടുന്ന സ്രാവിനത്തെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. സൗമ്യനായ ഭീമമത്സ്യം എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും വലിയ മത്സ്യമാണിത്. കടലിൽ ഇവ നേരിടുന്ന ഭീഷണികൾ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. സംരക്ഷണത്തിനായി ഏർപ്പെടുത്തിയ നിയമങ്ങൾ വിശദീകരിച്ചു. ബോധവൽക്കരണ ക്ലാസുകൾക്കൊപ്പം പ്രശ്‌നോത്തരി, ചിത്രരചന–--പ്രസംഗ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. തിമിംഗിലസ്രാവിന്റെ ചിത്രത്തിനൊപ്പം സ്ഥാപിച്ച ഫോട്ടോ ബൂത്ത് ശ്രദ്ധേയമായി.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി എം നജ്മുദീൻ, ശാസ്‌ത്രജ്ഞരായ ഡോ. എൽ രമ്യ, ഡോ. ലിവി വിൽസൻ, സ്‌കൂൾ പ്രധാനാധ്യാപിക കെ ജി സ്മിത എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..