കൊച്ചി
കൊച്ചി കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫീസിലെ സേവനങ്ങൾ കാര്യക്ഷമമാക്കാൻ നടപടി. ദിവസവും ഓരോ ഉദ്യോഗസ്ഥർ സോണൽ ഓഫീസിലെത്തണമെന്ന് മേയർ എം അനിൽകുമാർ വെള്ളിയാഴ്‌ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ നിർദേശിച്ചു. ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നതായി പരാതി ഉയർന്നതോടെയാണ് പുതിയ തീരുമാനം. തിങ്കളാഴ്ച സെക്രട്ടറി, ചൊവ്വ–-അഡീഷണൽ സെക്രട്ടറി, ബുധൻ ജോയിന്റ് കോർപറേഷൻ സെക്രട്ടറി, വെള്ളി റവന്യു ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഇടപ്പള്ളി സോണൽ ഓഫീസിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം. വെള്ളിയാഴ്‌ച ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇതിന്റെ റിപ്പോർട്ട് മേയർക്ക് നൽകണം. അർധവർഷം സമാപിക്കുന്ന സെപ്‌തംബറിൽ കോർപറേൻ റവന്യു ഓഫീസർ അവധിയിൽപ്പോയതിൽ രണ്ടു ദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് മേയർ നിർദേശിച്ചു.
റോ–-റോ സർവീസ് കൃത്യമായി നടക്കണമെങ്കിൽ മൂന്നാമത്തെ റോ–-റോ എത്തണമെന്ന് മേയർ പറഞ്ഞു. സ്പെയർപാർട്സുകൾ വിദേശത്തുനിന്ന് എത്തണം. ഇവയുടെ കൃത്യമായ നടത്തിപ്പിന് എസ്‌വിപി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംആർഎല്ലിന് കത്തയച്ചതായും മേയർ പറഞ്ഞു. വൈറ്റിലയിൽ കാന വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയുമായുണ്ടായ തർക്കത്തിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കൗൺസിലർ സുനിത ഡിക്‌സൺ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് മേയർ അറിയിച്ചു.
നഗരത്തിൽ ഡെങ്കിപ്പനി പടരുന്നത് ഗൗരവമായി എടുക്കമെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പലർക്കും വീടിനുള്ളിൽനിന്നാണ് ഡെങ്കിപ്പനി പടരുന്നത്. വീട്ടിലോ പരിസരത്തോ ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് മേയർ നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..