23 December Monday

ആയുഷിന് 207.9 കോടിയുടെ വികസന പദ്ധതികള്‍ : മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024


തിരുവനന്തപുരം
ആയുഷ് മേഖലയിൽ ഈ സാമ്പത്തികവർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കിയെന്ന് മന്ത്രി വീണാ ജോർജ്. ദേശീയ, അന്തർദേശീയതലത്തിൽ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നൽകുന്നതിന് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ഇൻ ആയുഷിന് കേന്ദ്രാനുമതി ലഭ്യമായി. 79 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതൽ ഒരുകോടി രൂപവരെ ചെലവഴിച്ച് നവീകരിക്കും. സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്‌ഡഡ് ആയുഷ് മെഡിക്കൽ കോളേജുകൾക്കും അവശ്യമരുന്നുകൾ ലഭ്യമാക്കാനും ഗുണനിലവാര മാനദണ്ഡങ്ങളനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭ്യമാക്കും.

ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ ലബോറട്ടറി സേവനങ്ങൾ ഒരുക്കും. നാലായിരത്തിലധികം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആയുഷ് ആരോഗ്യ പ്രവർത്തകരുടെ വിവിധ പരിശീലനങ്ങൾക്കായും തുക വകയിരുത്തി. സംസ്ഥാനത്ത്‌ ആദ്യമായി ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വം, അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയ ‘കായകൽപ്പ്' പുരസ്‌കാരം ഏർപ്പെടുത്തും. എൻഎബിഎച്ച് ഗുണനിലവാര പ്രക്രിയയുടെ രണ്ടാംഘട്ടമായി 150 ആയുഷ് സർക്കാർ ഡിസ്‌പെൻസറിയും ആറ്‌ സർക്കാർ ആയുഷ് ആശുപത്രിയും സജ്ജമാക്കും.

ആയുഷ് മേഖലയിലെ സിദ്ധ, യുനാനി ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തും. ജില്ലകളിൽ പാലിയേറ്റീവ് കെയർ സേവനങ്ങൾ, സ്‌കൂൾ ഹെൽത്ത് സേവനങ്ങൾ, കൂടുതൽ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്നിവ സജ്ജമാക്കും. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ആയുഷ് വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top