22 December Sunday
പരാതികൾ പൊതുതീരുമാനങ്ങളിലേക്ക്‌

ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ മുതൽ വയോജനങ്ങൾക്ക് കമ്പിളിവരെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
‌ഇടുക്കി
ജില്ലയിലെ നാനാവിധ പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരംകണ്ട്‌ തദ്ദേശ അദാലത്ത്‌. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ ആകെ ലഭിച്ച 913 പരാതികളിൽ 751 തീർപ്പാക്കി. 689 പരാതികൾ അനുകൂലമായാണ് തീർപ്പായത്‌. 162 പരാതി വിശദ പരിശോധനയ്ക്കായി മാറ്റി. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണും. വ്യക്തിഗത പ്രശ്‌നങ്ങൾക്കുപുറമേ ചില പരാതികൾ പൊതുപ്രശ്‌നങ്ങളുടെ പരിഹാരത്തിലേക്കും നയിച്ചു.
വീഡിയോ കോൺഫറൻസ് വഴി വിവാഹം
ജില്ലയിൽ നടന്ന അദാലത്തിൽ ലഭിച്ച പരാതിയ്ക്കുമേൽ എടുത്ത സുപ്രധാന തീരുമാനമായിമാറി വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ചട്ടഭേദഗതി. ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി വി കെ ശ്രീകുമാർ നൽകിയ പരാതിയാണ്‌ പൊതുതീരുമാനത്തിലേക്ക്‌ നയിച്ചത്. അയൽ സംസ്ഥാനങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ജനന–-മരണ–-വിവാഹ രജിസ്ട്രാർകൂടിയായ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്‌. പരാതി പരിഗണിച്ച മന്ത്രി ചട്ടഭേദഗതിക്ക്‌ ഉത്തരവിട്ടു. ഇനി സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാർക്ക് മുമ്പിൽ ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം.
വസ്തുനികുതി 
പിഴപ്പലിശ ഒഴിവാക്കി
80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 2024-–25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കാൻ നിർദേശം. ഇടുക്കി കോളനി സ്വദേശി ഷാഹുൽ അസീസിന്റെ പരാതിയെത്തുടർന്നാണ്‌ തീരുമാനം. ഇവർക്ക്‌ ഇനി നികുതി കുടിശ്ശിക മാത്രം അടച്ചാൽമതി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകൾക്ക്‌ പ്രയോജനകരമാണ്‌ തീരുമാനം.  
വയോജനങ്ങൾക്ക് കമ്പിളി
ഹൈറേഞ്ച് മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോജനങ്ങൾക്ക് കമ്പിളി പുതപ്പ് ലഭ്യമാക്കാനുള്ള പദ്ധതിക്ക്‌ അനുമതി. കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എം സിദ്ധിഖിന്റെ പരാതിയാണ്‌ തീരുമാനത്തിലേക്ക്‌ നയിച്ചത്‌. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ തോട്ടംതൊഴിലാളികൾക്ക് കമ്പിളി പുതപ്പ് നൽകുന്ന പദ്ധതി നടപ്പാക്കാൻ അനുമതി ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. പ്രശ്‌നംകേട്ട മന്ത്രി തദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുമെന്ന് പ്രഖ്യാപിച്ചു. മാർഗനിർദേശങ്ങൾ ഇതിനനുസരിച്ച് മാറ്റം വരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top