23 November Saturday

ഹൃദയം 
നിറഞ്ഞ് ഹൃദ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

 തൊടുപുഴ

കുരുന്ന് ഹൃദയങ്ങൾക്ക്‌ കാവലൊരുക്കി ഹൃദ്യം പദ്ധതി. ഹൃദയരോ​ഗവുമായി ജനിക്കുന്ന കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതിയായ ‘ഹൃദ്യ’ത്തിലൂടെ ജില്ലയിൽ പുതുജീവിതത്തിലേക്ക് പിച്ചവച്ചത് 1206 കുരുന്നുകൾ. ഇതിൽ 214 പേർക്കാണ് ശസ്‍ത്രക്രിയ ആവശ്യമായി വന്നത്. അടിയന്തര സാഹചര്യമുള്ളവർക്ക് മാത്രമാണ് ശസ്‍ത്രക്രിയ നിർദേശിക്കുന്നത്‌. ശസ്‍ത്രക്രിയയില്ലാതെ തുടർപരിശോധനകളിലൂടെ ഭേദപ്പെട്ടവരും ഉൾപ്പെടെയാണ് 1206 പേർ. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഹൃദ്യത്തിലൂടെ സൗജന്യ ചികിത്സ ലഭിക്കും. 
അടിയന്തരമായി ശസ്‍ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവഹാനി ഉണ്ടായേക്കാവുന്ന കുട്ടികൾക്കാണ് ശസ്‍ത്രക്രിയ നിർദേശിക്കുക. 2018 ജൂണിൽ കുമാരമം​ഗലം സ്വദേശിയായ കുട്ടിയ്ക്കായിരുന്നു ജില്ലയിലെ ആദ്യശസ്‍ത്രക്രിയ. 1.20ലക്ഷം രൂപയാണ് ചെലവായത്. ഹൃദ്യത്തിലൂടെ നടത്തുന്ന ശസ്‍ത്രക്രിയകൾക്ക് പരമാവധി 1.70 ലക്ഷം രൂപയാണ് സർക്കാർ ആശുപത്രികൾക്ക് നൽകുന്നത്. 2017 അവസാനമാണ് ജില്ലയിൽ ഹൃദ്യം പദ്ധതി ആരംഭിച്ചത്. 
ഒരു കുഞ്ഞ് ജനിച്ചാൽ ആശുപത്രികളിലെ ശലഭം നഴ്‍സുമാർ കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‍നങ്ങളുണ്ടോയെന്ന് പരിശോധിക്കും. കണ്ടെത്തിയാൽ ഡോ‍ക്‍ടറുടെ സേവനത്തിലൂടെ അവസ്ഥ മനസിലാക്കി ആശുപത്രിയിൽനിന്ന് തന്നെ ഹൃദ്യത്തിൽ രജിസ്‍റ്റർചെയ്യും. സ്വകാര്യ ആശുപത്രികളിൽ കണ്ടെത്തുന്നവയ്‍ക്കും രജിസ്റ്റർചെയ്യാം. ഇതോടെ ജില്ലയിലെ മാനേജർക്ക് സന്ദേശമെത്തും. രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയിരിക്കുന്ന വിവരങ്ങൾ വ്യക്തവും കൃത്യവുമാണെന്ന് പരിശോധിച്ചശേഷം പദ്ധതിയിൽ എം പാനൽ ചെയ്‍തിരിക്കുന്ന ആശുപത്രികൾക്ക് റിപ്പോർട്ട്ചെയ്യും. കുറഞ്ഞത് മൂന്ന് ഡോക്‍ടർമാരുടെയെങ്കിലും അഭിപ്രായം സ്വീകരിച്ചശേഷമാകും ശസ്‍ത്രക്രിയ വേണമോ തുടർചികിത്സ മതിയോ എന്ന് തീരുമാനിക്കുക. വിവരം സംസ്ഥാന നോഡൽ ഓഫീസറെയും അറിയിക്കും. 
ശസ്‍ത്രക്രിയയോ ആശുപത്രി ചികിത്സയോ കഴിഞ്ഞാൽ ആർബിഎസ്‍കെ നഴ്‍സുമാർ മാസംതോറും കുട്ടിയുടെ വീടുകളിലെത്തി തുടർപരിചരണം ഉറപ്പാക്കും. 
സർക്കാർ എം പാനൽ ചെയ്‍തിട്ടുള്ള കോട്ടയം മെഡിക്കൽ കോളേജ്, തിരുവനന്തപുരം എസ്എടി, എറണാകുളം അമൃത, ലിസി, ബിലീവേഴ്‍സ് ചർച്ച് തിരുവല്ല എന്നീ ആശുപത്രികളിലാണ് ചികിത്സയും ശസ്‍ത്രക്രിയയും നടത്തുന്നത്. ഒരുകുട്ടിക്ക് തന്നെ ഒന്നിലധികം ശസ്‍ത്രക്രിയകൾ വേണ്ടിവന്നാലും ഹൃദ്യത്തിലൂടെ സാധ്യമാണ്. വെബ്സൈറ്റ്: www.hridyam.kerala.gov.in. ഫോൺ: 04862293105, 9946102621
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top