21 December Saturday

കഴുതപ്പുറത്തേറിയ ആ കാലം ഓർമ

കെ എ അബ്ദുൾ റസാഖ്Updated: Tuesday Oct 1, 2024

‘പത്മവ്യൂഹം’ സിനിമയിൽ കഴുതപ്പുറത്ത് അടൂർ ഭാസി. സമീപം മീന

 
കുമളി
കുമളിക്കാരുടെ മനസ്സിൽ ഇന്നും ഭാരമേന്തി നടന്നകലുന്ന കഴുതകളുണ്ട്. ഒരുകാലത്ത് അവരുടെ ജീവിതത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ കഴുതകൾ. ശാസ്‍ത്രപുരോ​ഗതിയും മെച്ചപ്പെട്ട റോഡുകളും യാത്രാവാഹനങ്ങളും ജീവിതരീതികൾ മാറ്റിയപ്പോൾ കഴുതകളും പതുക്കെ അപ്രത്യക്ഷമായി. കാൽനൂറ്റാണ്ട് മുമ്പ് കുമളിയിൽ കഴുതകൾ പൂർണമായും ഇല്ലാതായി. 
തമിഴ്നാട്ടിൽനിന്ന് ചരക്ക് ഗതാഗതത്തിനും മലഞ്ചരക്ക് ഉൾപ്പെടെയുള്ളവ തിരികെ കൊണ്ടുപോകാനും നൂറ്റാണ്ടുകളോളം കഴുതകളെ ആശ്രയിച്ചിരുന്നു. മോട്ടോർ വാഹനങ്ങൾ നിരത്തിലെത്തുന്നതിന് മുമ്പ് യാത്രയ്‍ക്കും ചരക്കുകൾ നീക്കാനും കാളവണ്ടികളെയും കുതിരവണ്ടികളെയും ആയിരുന്നു ആശ്രയിച്ചിരുന്നത്. ചരക്കുനീക്കത്തിന് മാത്രമായിരുന്നു കഴുതകളെ ഉപയോ​ഗിച്ചത്. റോഡുകൾ ഗതാഗത യോഗ്യമായതും മോട്ടോർ വാഹനങ്ങളുടെ വരവും ചരക്ക് നീക്കത്തിന് കഴുതകളെ ആവശ്യമില്ലാതാക്കി. 
തുണി അലക്ക് ഉപജീവനമാക്കിയിരുന്ന കുമളിയിലെ അലക്കുതൊഴിലാളി കുടുംബങ്ങൾക്ക് മാത്രമായി നൂറിലേറെ കഴുതകൾ സ്വന്തമായി ഉണ്ടായിരുന്നു. തുണികൾ അലക്കാൻ തേക്കടിയിലേക്ക് കൊണ്ടുപോകുന്നതും അലക്കിയ തുണികൾ തിരികെ കുമളിയിൽ എത്തിക്കുന്നതും കഴുതപ്പുറത്ത് ആയിരുന്നു. ഇരുചക്ര മോട്ടോർ വാഹനങ്ങൾ എത്തിത്തുടങ്ങിയതോടെ അലക്കു തൊഴിലാളികളും കഴുതകളെ ഉപേക്ഷിക്കാൻ തുടങ്ങി. രണ്ടര പതിറ്റാണ്ട് മുമ്പുവരെയും കുമളി ടൗണിൽ ഒറ്റയ്‍ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന കഴുതകൾ തേക്കടിയിൽ എത്തുന്ന വിദേശികളെയും ഉത്തരേന്ത്യക്കാരെയും ഏറെ ആകർഷിച്ചിരുന്നു. കഴുതയെ കണ്ടാൽ അടുത്തുനിന്ന് ഫോട്ടോയെടുത്തേ വിദേശികൾ മടങ്ങൂ. കുമളിയും പരിസരപ്രദേശങ്ങളിലും പൂർണമായും ചിത്രീകരിച്ച് 1973 ഡിസംബർ 21ന് പുറത്തുവന്ന സൂപ്പർഹിറ്റ് ചിത്രം പത്മവ്യൂഹത്തിലും ഒരു ​ഗാനരം​ഗത്തിൽ കഴുതയെ കാണാം. കഴുതപ്പുറത്തേറി അടൂർ ഭാസി മീനയോടൊപ്പം പാടി അഭിനയിക്കുന്നതാണ് രം​ഗത്തിൽ.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top