ശാന്തൻപാറ
തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തിയ ആചാരപ്പൊലിമയിൽ ദീപ–-വർണങ്ങൾ വിതറി നാടെമ്പാടും ദീപാവലി ആഘോഷിച്ചു. അതിർത്തി ഗ്രാമങ്ങളിലാണ് വിപുലമായ ആഘോഷങ്ങൾ നടന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പൂപ്പാറ, ഉടുമ്പൻചോല , ബോഡിമെട്ട് പാറത്തോട്, മൂന്നാർ, മറയൂർ, പീരുമേട് , കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലും തോട്ടം മേഖലയിലും ദീപം കൊളുത്തിയും പടക്കംപൊട്ടിച്ചും മധുരം വിളമ്പിയും ദീപാവലി ആഘോഷങ്ങൾ സജീവമായിരുന്നു. കേരളത്തിൽ പൊതുവേ ദീപാവലി വലിയ ഉത്സവമാക്കാറില്ലെങ്കിലും തമിഴ് ജനത അവരുടെ ദേശീയ ഉത്സവമായി തന്നെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പുത്തൻ വസ്ത്രങ്ങളണിഞ്ഞ് മധുര പലഹാരങ്ങൾ വിതരണം ചെയ്‌തും പടക്കങ്ങൾ പൊട്ടിച്ചും ആഘോഷം പൊടി പൊടിച്ചു.ബുധനാഴ്‌ച രാത്രിതന്നെ ടൗണുകളിൽ പടക്കംപൊട്ടിച്ച് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ചില പ്രദേശങ്ങളിൽ അഞ്ച് ദിവസങ്ങൾ വരെ ആഘോഷങ്ങൾ നീണ്ടു നിൽക്കും. തിന്മക്കുമേൽ നന്മ നേടിയ വിജയം എന്ന സന്ദേശം ഉയർത്തുന്ന ദീപാവലി ആഘോഷത്തിൽ ലഷ്മി പൂജ, കാളി പൂജ തുടങ്ങിയവയും പ്രധാനം. അതിർത്തിക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടത്തി. അന്യ സംസ്ഥാന തൊഴിലാളികൾ നിറഞ്ഞ പ്രദേശങ്ങളിലും ദീപാവലി ആഘോഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..