26 December Thursday
വരുന്നു ഡിടിപിസി കേന്ദ്രങ്ങളിൽ ഇവി ചാർജിങ്‌ സ്റ്റേഷനുകൾ

‘ഫുൾ ചാർജാ’കാൻ ഇടുക്കി

നിധിൻ രാജുUpdated: Friday Nov 1, 2024
ഇടുക്കി 
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. ഡിടിപിസിക്ക്‌ കീഴിലുള്ള കേന്ദ്രങ്ങളിലാണ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ ഒരുങ്ങുന്നത്‌. ഇലക്‌ട്രിക്‌ കാറുകളുടെ ദീർഘദൂര യാത്രകൾക്ക് ഡിസി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ അനിവാര്യത ഉൾക്കൊണ്ടാണ് ഡിടിപിസിയുടെ ഇടപെടൽ. ഇതിനായി സ്വകാര്യ കമ്പനികളിൽനിന്ന്‌ ടെൻഡർ ക്ഷണിച്ചിരുന്നു. നിലവിൽ അപേക്ഷകൾ അവലോകന കമ്മിറ്റിക്കുകീഴിലാണ്‌. പദ്ധതി നിർവഹണത്തിനായി അനെർട്ടുമായുള്ള ചർച്ചകളും നടന്നുവരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാലുടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. ഡിസംബറിൽ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇടുക്കി 
അരുവിക്കുഴി ടൂറിസം സെന്റർ, മൂന്നാർ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, വാഗമൺ സാഹസിക ഉദ്യാനം, വാഗമൺ മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കൽമേട് ടൂറിസം സെന്റർ, ഏലപ്പാറ അമിനിറ്റി സെന്റർ, ചെറുതോണി ഡിടിപിസി–മഹാറാണി ഹോട്ടൽ, കുമളി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് ചാർജിങ്‌ സ്റ്റേഷനുകൾ നിർമിക്കുന്നത്‌.
പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഇന്ധനവില വർധനവ് മൂലമുള്ള ബുദ്ധിമുട്ട്‌ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ്‌ പദ്ധതിക്കുപിന്നിലുള്ളത്‌. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് സഹായകമാണ്‌ പദ്ധതി. വരും നാളുകളിൽ കൂടുതൽ ഇടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ആലോചനയിലുണ്ടെന്ന്‌ ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസഫ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top